വയനാട് ഉരുള്‍ പൊട്ടലിന്‍റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ചൂരല്‍മലയിലെ കടകളില്‍ നിന്നുള്ള നടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
മുണ്ടക്കൈ ജുമാമസ്ജിദിൽ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഉരുൾപൊട്ടൽ ദിനത്തിൽ കടകളിൽ വന്ന് സാധനങ്ങൾ വാങ്ങി മരണത്തിലേക്ക് യാത്ര ചെയ്ത നാട്ടുകാരുടെ ദൃശ്യങ്ങളുംനോവായി മാറി. ഉരുൾപൊട്ടൽ രാത്രി പുഞ്ചിരിമട്ടത്തും മുണ്ടക്കൈയിലും പെയ്തിറങ്ങിയത് മേഘവിസ്ഫോടനം. രേഖപ്പെടുത്തിയത് 570 മില്ലി മീറ്റർ മഴ. ഇതിലാണ് ഒരു മല ഒന്നാകെ ഒഴുകിയെത്തി രണ്ട് ഗ്രാമങ്ങളെ ഇല്ലാതാക്കിയത്. അതിന്റെ തീവ്രത വ്യക്തമാക്കുന്ന പേമാരിയുടെ ദൃശ്യങ്ങളാണ് മുണ്ടക്കൈ പള്ളിയിലെ സിസിടിവിയിൽ പതിഞ്ഞത്. അന്നേ ദിവസം പകൽ കടകളിൽ എത്തി സാധനങ്ങൾ വാങ്ങി കൊച്ചു വർത്തമാനവും പറഞ്ഞു വീട്ടിലേക്ക് മടങ്ങിപ്പോയവരിൽ ഭൂരിഭാഗം പേരെയും പിന്നെ കാണാൻ കഴിഞ്ഞിട്ടില്ല. ചിലരുടെയൊക്കെ മൃതദേഹങ്ങൾ കിട്ടി. ഭൂരിഭാഗം പേരും ഇപ്പോഴും മണ്ണിനടിയിൽ തന്നെ.
ദുരന്തത്തിൽ അകപ്പെട്ട 119 പേരെ ഇനിയും കണ്ടെത്തണം. കാണാതായവരുടെ കരട് പട്ടിക പുതുക്കി. ഡിഎന്‍എ ഫലം ലഭ്യമായി തുടങ്ങിയതിനു പിന്നാലെയാണ് കാണാതായവരുടെ എണ്ണം കുറഞ്ഞത്.
അതിനിടെ, വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധികര്‍ക്ക് അടിയന്തര ധനസഹായമായി അക്കൌണ്ടിലെത്തിയ പതിനായിരം രൂപയിൽ നിന്ന് 2000 രൂപ ബാങ്ക് പിടിച്ചെന്ന് പരാതി. ഇ എം ഐ വിഹിതമായാണ് ചൂരൽമല സ്വദേശി സന്ദീപിന്റെ അക്കൗണ്ടിൽ നിന്ന് കേരള ഗ്രാമീണ ബാങ്ക് 2000 രൂപ പിൻവലിച്ചത്. ഉള്ളതെല്ലാം നഷ്ടപ്പെട്ട സന്ദീപിനു വാടക വീടിനു അഡ്വാൻസ് നൽകാൻ മാറ്റി വെച്ച തുകയാണ് ബാങ്ക് പിടിച്ചത്. കാര്യം അന്വേഷിച്ചപ്പോൾ പണം തിരികെ നൽകാമെന്ന കാര്യം ബാങ്ക് അറിയിച്ചെന്ന് സന്ദീപ് മനോരമ ന്യൂസിനോട് പറഞ്ഞു.