വയനാട് ഉരുള്‍പൊട്ടലില്‍ 119 പേരെ കണ്ടെത്താനുണ്ടെന്ന് സര്‍ക്കാര്‍. മരിച്ചവരുടെ ഡി.എന്‍.എ ഫലം ലഭിച്ചു തുടങ്ങിയതോടെയാണ് കാണാതായവരുടെ എണ്ണം കുറഞ്ഞത്. മുണ്ടക്കൈയിലും ചൂരല്‍മലയിലുമായുള്ള ഉരുൾപൊട്ടൽ ബാധിതരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ പ്രത്യേക യോഗം നാളെ ചേരും. വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണോ അതോ എഴുതിത്തള്ളണോ എന്ന കാര്യത്തിലും യോഗം തീരുമാനം കൈക്കൊള്ളും.
വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രത്യേക അദാലത്തും നാളെ ഉണ്ടാകും. ജനകീയ തിരച്ചിൽ അവസാനിപ്പിച്ചതോടെ ചൂരൽ മലയിലെ കടമുറികൾ വ്യാപാരികൾ എത്തി വൃത്തിയാക്കി തുടങ്ങിയിരുന്നു. ഇതിന്‍റെ തുടർച്ചയായി ഇന്നും ശുചീകരണ യജ്ഞം ഉണ്ടാകും. നാട്ടുകാരോ ബന്ധുക്കളോ ആവശ്യപ്പെടുന്ന മുറയ്ക്ക് തിരച്ചിൽ നടത്താനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.