പ്രധാനമന്ത്രിക്കൊപ്പം നിന്ന് പോസ് ചെയ്ത നൈസ മോളെ ആരും മറന്നു കാണില്ല. മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ പിതാവിനെയും സഹോദരങ്ങളെയും അടക്കം കുടുംബത്തിലെ അഞ്ചു പേരെ നഷ്ടമായ ഈ മൂന്നു വയസ്സുകാരി ആശുപത്രി വിട്ടു. മേപ്പാടി നെല്ലിമുണ്ട സ്കൂൾപടിയിലെ വാടക ക്വാട്ടേഴ്സിലാണ് ഇവർക്ക് താൽക്കാലിക താമസസൗകര്യം ഒരുക്കിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദി ദുരിതാശ്വാസ ക്യാംപിൽ എത്തിയപ്പോഴാണ് നൈസ മോളിൽ കണ്ണുടക്കിയത്. ഓടിയെത്തിയ പ്രധാനമന്ത്രിയുടെ താടിയിൽ പിടിച്ചു കുറുമ്പുകാട്ടിയ ഈ കൊച്ചു മിടുക്കി എല്ലാവരെയും കയ്യിലെടുത്തു. ആശുപത്രി വിട്ട ഈ മൂന്നു വയസ്സുകാരിയെ കാണാൻ ചെന്നതാണ്. ക്യാമറ കണ്ടപ്പോൾ അവൾ ഓടി വന്നു. പുതുതായി കിട്ടിയ കളിപ്പാട്ടമാണ്. കഴിഞ്ഞദിവസം ആരോ സമ്മാനിച്ചതാണത്രേ. കുറച്ചുനേരം കളിച്ചപ്പോഴാണ് ക്യാമറ ട്രൈപ്പോഡ് കണ്ണിലുടക്കിയത്. എന്നാപ്പിന്നെ ഇത് എനിക്ക് തരുമോ എന്നായി ചോദ്യം.
കിട്ടില്ലെന്ന് ഉറപ്പായതോടെ കൂട്ടുകാരെ ഓരോരുത്തരെയായി ഞങ്ങൾക്ക് പരിചയപ്പെടുത്തി. ബാഗും പുസ്തകവും എല്ലാം കിട്ടിയതിനാൽ എത്രയും വേഗം അങ്കണവാടിയിൽ പോകണം ഇവൾക്ക്. പാട്ടുപാടണമെന്ന് ആയപ്പോൾ അല്പം നാണക്കാരിയായി. നൈസ മോൾ ആരെയും വെറുതെ വിടാറില്ല. അയൽപക്കത്തെ പട്ടിക്കുട്ടിയും അവളുടെ കൂട്ടാണ്. നൈസ വീട്ടുകാർക്ക് എല്ലാം റൂമിയാണ്. മലവെള്ളപ്പാച്ചിൽ ജീവനെടുത്ത പിതാവ് ഷാജഹാൻ ഇട്ടതാണ് ആ പേര്. അവൾക്കും ഈ പേരാണ് ഇഷ്ടം. പിതാവും സഹോദരങ്ങളുമടക്കം അഞ്ചു പേരെ നഷ്ടമായി ഇവൾക്ക്. മോളെയും കൊണ്ട് എത്രകാലം വാടകവീട്ടിൽ തുടരാൻ ആകുമെന്ന് അറിയില്ല ഉമ്മ ജസീലക്കും ഉമ്മുമ്മ ജമീലക്കും. ആരുമില്ലാത്തവർക്ക് പടച്ചോൻ ഒപ്പം ഉണ്ടാകുമല്ലോ എന്നു പറയുന്നു ഇവർ.