കോട്ടയം ജില്ലയിൽ കൂട്ടിക്കൽ - ചോലത്തടം റോഡിൽ കാവാലിയിൽ മണ്ണിടിച്ചിൽ. മലയോര മേഖലകളിൽ ഇന്നലെ രാത്രിയിലുണ്ടായ ശക്തമായ മഴയെ തുടർന്നാണ് മണ്ണിടിഞ്ഞത്. കാഞ്ഞിരപ്പള്ളി മണിമല റോഡിലും മുണ്ടക്കയം ബൈപ്പാസ് റോഡിലും ശക്തമായ മഴയെ തുടർന്ന് ഗതാഗത തടസ്സം ഉണ്ടായി. കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതോടെ മണിമലയാറിനോട് ചേർന്ന് താമസിക്കുന്നവർക്ക് ജാഗ്രത നിർദ്ദേശമുണ്ട്.
ഇന്നലെ രാത്രിയിൽ ആരംഭിച്ച് മണിക്കൂറുകൾ തുടർന്ന ശക്തമായ മഴയിലാണ് കാവാലിയിൽ മണ്ണിടിച്ചിൽ ഉണ്ടായത്. റോഡിലേക്ക് ഒഴുകിയെത്തിയ മണ്ണും പാറയും നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു. സ്വകാര്യ ഏജൻസിയുടെ കണക്ക് പ്രകാരം കൂട്ടിക്കൽ പഞ്ചായത്തിൽ ഇന്നലെ മാത്രം കിട്ടിയത് 215 mm മഴയാണ്..മുണ്ടക്കയത്ത് മണിമലയാറ്റിലെ ജലനിരപ്പ് ഉയർന്നതോടെ ബൈപാസ് റോഡിൽ രാത്രിയിൽ വെള്ളം കയറുന്ന സ്ഥിതിയുണ്ടായി.
കാഞ്ഞിരപ്പള്ളിയിൽ ചിറ്റാർപുഴയിൽ നിന്ന് വെള്ളം കയറിയതോടെ മണിമല റോഡിലൂടെ ചെറുവാഹനങ്ങൾക്ക് കടന്നു പോകാൻ കഴിഞ്ഞില്ല. മണിമല പഴയിടം പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകി എങ്കിലും നിലവിൽ മണിമലയാറ്റിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പുലർച്ച വരെ ഉണ്ടായിരുന്ന മഴയ്ക്ക് ഇപ്പോൾ ശമനമുണ്ട്.
അതേസമയം, മുതലപ്പൊഴിയില്‍ മല്‍സ്യബന്ധനവള്ളം മറിഞ്ഞ് ഒരാളെ കാണാതായി. അഞ്ചുതെങ്ങ് സ്വദേശി ബെനഡിക്ടിനെയാണ് കാണാതായത്. അപകടത്തില്‍ പെട്ട മൂന്നുപേരെ രക്ഷപ്പെടുത്തി