ലാവലിൻ കേസ് നടത്തിപ്പിന് പൊതുഖജനാവിൽ നിന്നും ഇതുവരെ ചിലവാക്കിയത് 20 ലക്ഷത്തിലേറെ രൂപ. വാദത്തിനായി സർക്കാർ അഭിഭാഷകരല്ലാത്തവരെ കൊണ്ടുവന്നതിലാണ് ഈ ചെലവ്. ശബരിമല സ്ത്രീ പ്രവേശന കേസിൽ സുപ്രീംകോടതിയിലെ അഭിഭാഷകർക്ക് നൽകിയത് 40 ലക്ഷത്തിലേറെ രൂപയാണെന്നും രേഖകൾ പുറത്തുവന്നു.

ലാവലിൻ കേസ് നടത്തിപ്പിന് സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകരായ സി.എസ്.വൈദ്യനാഥൻ, ആർ.കെ.ആനന്ദ് എന്നിവരാണ് ഹാജരായത്. എൽ.നാഗേശ്വര റാവു, ഹരീഷ് സാൽവേ, ജയദീപ് ഗുപ്ത, രാജീവ് ധവാൻ എന്നീ മുതിർന്ന അഭിഭാഷകർ സുപ്രീംകോടതിയിലും ഹാജരായി. പതിനേഴ് ലക്ഷത്തി എൺപതിനായിരം രൂപയാണ് ഇവർക്ക് ഫീസിനത്തിൽ സർക്കാർ നൽകിയത്. 2,27,041 രൂപ ഇവരുടെ യാത്രപ്പടിയിനത്തിലും  നൽകി. അതായത് കേസ് നടത്തിപ്പിന് പൊതുഖജനാവിൽ നിന്നും ഇതുവരെ ചിലവാക്കിയത് 20,07,041 രൂപ .

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലും പുറമേ നിന്നുള്ള അഭിഭാഷകർക്ക് ലക്ഷങ്ങളാണ് സർക്കാർ നൽകിയത്. മുതിർന്ന അഭിഭാഷകരായ വിജയ് ഹൻസാരിയ, വി.ഗിരി, ജയ്ദീപ് ഗുപ്ത എന്നിവർക്കായി 40 ലക്ഷത്തിലേറെ രൂപയാണ് നൽകിയത്. ഗവർണർ അയച്ച ബില്ലുകൾ സമയബന്ധിതമായി ഒപ്പിടുന്നില്ലെന്ന് കാണിച്ച് രാഷ്ട്രപതിക്കെതിരെയും സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കേസിൽ സംസ്ഥാന സർക്കാറിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.കെ.വേണുഗോപാലിന് ഏഴര ലക്ഷം രൂപയാണ് നൽകിയതെന്നും വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലുണ്ട്.

ENGLISH SUMMARY:

20 lakhs spent on the Lavalin case