വയനാടിന് കൈത്താങ്ങുമായി കൊച്ചി മാമംഗലത്തെ നവജീവന്‍ സ്പെഷല്‍ സ്കൂള്‍. കുട്ടികള്‍ ശേഖരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാനായി ജില്ലാ കലക്ടറെ ഏല്‍പ്പിച്ചു. സ്കൂളില്‍ നേരിട്ടെത്തിയ കലക്ടറെ പാട്ടുകള്‍ പാടിയാണ് കുട്ടികള്‍ സ്നേഹം അറിയിച്ചത്.
നവജീവന്‍ സ്കൂളിലെ മുഴുവന്‍ കുട്ടികളും ചേര്‍ന്നാണ് വയനാടിനായി സ്നേഹ സമ്മാനം ഒരുക്കിയത്. തങ്ങള്‍ക്കാവുന്നത്ര തുക ഓരോരുത്തരും ഇതിനായി മാറ്റിവെച്ചു. പണം കൊണ്ടുവരണമെന്ന് ആരും നിര്‍ബന്ധം പറഞ്ഞില്ല. അധ്യാപകര്‍ പറഞ്ഞുതന്ന വയനാട് ദുരന്തകഥകള്‍ കേട്ടപ്പോള്‍ അവിടുത്തെ കൂട്ടുകാര്‍ക്ക് സഹായം എത്തിക്കണമെന്ന് കുട്ടികള്‍ സ്കൂള്‍ അധികൃതരോട് ആവശ്യപ്പെടുകയായിരുന്നു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് തുക കൈമാറുക. കുട്ടികളുടെ നല്ല മനസ്സ് അറിഞ്ഞ ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷ് സ്കൂളില്‍ നേരിട്ടെത്തി.കലക്ടറെ കണ്ടതോടെ കുട്ടികള്‍ക്ക് ആവേശം.കുട്ടികളും സ്കൂള്‍ അധികൃതരും ചേര്‍ന്ന് തുക കലക്ടറെ ഏല്‍പ്പിച്ചു. തുടര്‍ന്ന്, കലക്ടര്‍ക്കായി കുട്ടികളുടെ പ്രത്യേക ഗാനവിരുന്ന്.എഴുത്തുകാരന്‍ കെ.എല്‍.മോഹനവര്‍മ ചെയര്‍മാനായ സ്കൂളില്‍ നിലവില്‍ 25 കുട്ടികള്‍ പഠിക്കുന്നുണ്ട്.