സ്വന്തം വീടിനായി കരുതിവച്ചിരുന്ന അറുത്ത തടി ഉരുപ്പടികള്‍ വയനാടിനായി കൈമാറി കോന്നി സ്വദേശി സുരേഷും കുടുംബവും. കഴിഞ്ഞ രണ്ടു വര്‍ഷമായി സൂക്ഷിച്ച തടികള്‍ ആണ് കൈമാറിയത്
വീടെന്ന സ്വപ്നത്തിന് പിന്നാലെയാണ് ഏറെക്കാലമായി സുരേഷ്. രണ്ടു വര്‍ഷത്തിനിടെ കയ്യില്‍ പണം ഒത്തു കിട്ടിയപ്പോഴാണ് സ്വന്തം സ്ഥലത്തെ മരങ്ങള്‍ ഘട്ടം ഘട്ടമായി വെട്ടി അറുത്ത് കരുതി വച്ചത്. ആഞ്ഞിലിയും പ്ലാവുമാണ് തടിയെല്ലാം. ഒരു ലക്ഷത്തിലധികം രൂപ മതിപ്പു വിലവരും. വയനാട് ദുരന്തം കണ്ടപ്പോള്‍ തന്നേക്കാളാവശ്യം വയനാട്ടിലെ ഭവനരഹിതര്‍ക്കാണെന്ന് തോന്നി. ഭാര്യ ചിഞ്ചുവും രണ്ടുമക്കളും പിന്തുണച്ചു. അങ്ങനെ തടി സേവാഭാരതിക്ക് കൈമാറി.
പ്രവാസിയായിരുന്നു സുരേഷ് മൂന്നു വര്‍ഷമായി നാട്ടിലുണ്ട്. വീണ്ടും വിദേശത്തേക്ക് പോകാനുള്ള ശ്രമത്തിലാണ്. അല്‍പം വൈകിയാലും സ്വന്തം വീടെന്ന സ്വപ്നം പൂര്‍ത്തിയാകുമെന്ന പ്രതീക്ഷയിലാണ് സുരേഷ്.