കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അർജുനെ ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായിട്ട് നാളെ ഒരുമാസം തികയും. സൈന്യമടക്കം ദൗത്യ സംഘങ്ങളെല്ലാം തോല്‍വി സമ്മതിച്ച് പിന്‍മാറുമ്പോഴും, തോറ്റുകൊടുക്കാതെ കാത്തിരിക്കുകയാണ് ഇപ്പോഴും അര്‍ജുന്റ കുടുംബം.
മുപ്പത് ദിവസം കഴിഞ്ഞു ഈ കുടുംബം നന്നായി ഒന്നുറങ്ങിയിട്ട്,അച്ഛന്‍ വരുന്നതും കാത്ത് ഒരു മകന്‍,മകന്‍ വരുന്നതും കാത്തിരിപ്പുണ്ട് ഒരച്ഛന്‍, മകനെ കാത്തിരിക്കുന്ന ഒരമ്മ, ഭര്‍ത്താവിനെ കാത്തിരിക്കുന്ന ഭാര്യ, സഹോദരങ്ങള്‍, ഊണും ഉറക്കവുമില്ലാതെ മണ്ണിലും പുഴയിലുമായി അര്‍ജുനുവേണ്ടി തിരയുന്ന ബന്ധുക്കള്‍..ജൂലൈ 16നാണ് ജോയിഡയില്‍ നിന്ന് തടി കയറ്റിവന്ന അര്‍ജുന്റ ലോറി ഷിരൂരിലെ മണ്ണിടിച്ചിലില്‍ അകപ്പെട്ടത്.ഇക്കാര്യം അവിടുത്തെ ജില്ലാ ഭരണകൂടത്തെ അറിയിക്കാന്‍ തന്നെ ഏറെ ബുദ്ധിമുട്ടി.
തിരച്ചില്‍ പോലും നടക്കാതെ വന്നതോടെ പ്രതിഷേധവുമായി കുടുംബമെത്തി. മാധ്യമങ്ങളിലൂടെ സംഭവമറിഞ്ഞ് സംസ്ഥാന സർക്കാര്‍ ഇടപെട്ടതോടെ മണ്ണിടിഞ്ഞ ഭാഗത്ത് ദിവസങ്ങള്‍ നീണ്ട തിരച്ചില്‍. ദൗത്യസംഘത്തിനൊപ്പം കൈകോര്‍ത്ത് കേരളത്തിന്റ വിവിധഭാഗങ്ങളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍. അപകടം നടന്ന് അഞ്ച് ദിവസത്തിനപ്പുറം സൈന്യമെത്തി. തിരിച്ചിലിനൊടുവില്‍ മണ്ണിനടിയില്‍ ലോറിയില്ലെന്നും ഗംഗാവലി പുഴിയിലാണെന്നും ഒൗദ്യോഗിക സ്ഥിരീകരണം .പക്ഷെ കനത്ത മഴയും അടിയൊഴുക്കും നദിയിലെ തിരച്ചിന് തടസമായി. മലയാളിയായ റിട്ട.മേജർ ജനറല്‍ എം.ഇന്ദ്രബാലനും സംഘവുമെത്തിയിട്ടും ഈശ്വർ മല്‍പയുടെ ഒറ്റയാള്‍ ശ്രമങ്ങളും ഫലം കണ്ടില്ല.
അപകടം നടന്ന് പതിനഞ്ചാം ദിനം അര്‍ജുന് വേണ്ടിയുള്ള കാത്തിരിപ്പ് ബാക്കിയാക്കി സൈന്യവും രക്ഷാപ്രവർത്തകരും മടങ്ങി. ചൊവ്വാഴ്ച ആരംഭിച്ച രണ്ടാംഘട്ട തിരച്ചിലില്‍ ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയെങ്കിലും പുഴയില്‍ ലോറിയുണ്ടെന്ന കാര്യത്തില്‍ ഇനിയും ഉറപ്പില്ല. മാസം ഒന്നാകുമ്പോള്‍ കണ്ണീരോടെ കാത്തിരിക്കുന്നത് കുടുംബം മാത്രമല്ല, കേരളക്കര ഒന്നാകെയാണ്.