chooralmala-wayand

ചൂരൽമലയിലും മുണ്ടക്കൈയിലും മലപ്പുറത്ത് ചാലിയാറിലും പതിനാറാം ദിവസവും തിരച്ചിൽ തുടരുകയാണ്. രാവിലെ 7 മണിയോടെ പ്രത്യേക സോണുകളിലായി തിരച്ചിൽ പുനരാരംഭിച്ചു. ഭൗമശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ പരിശോധനയും പുരോഗമിക്കുകയാണ്.

 

ഉച്ചയോടെ കാലാവസ്ഥ പ്രതികൂലമാകാനുള്ള സാധ്യത കണക്കിലെടുത്ത് ദ്രുത ഗതിയിലാണ് തിരച്ചിൽ പുരോഗമിക്കുന്നത്. മുണ്ടകൈയിലും ചൂരൽമലയിലും സോണുകൾ രൂപീകരിച്ചാണ് പരിശോധന. മലപ്പുറം നിലമ്പൂരിൽ ചാലിയാറിന്റെ തീരങ്ങളിലും തിരച്ചിൽ നടക്കുന്നുണ്ട്. കാലാവസ്ഥ അനുകൂലമാകുകയാണെങ്കിൽ സൂചിപ്പറ വെള്ളച്ചാട്ടത്തോട് ചേർന്നും തിരച്ചിൽ തുടങ്ങും. എം എസ് പി യിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരും അഗ്നി രക്ഷാസേനയും സംയുക്തമായാണ് ചാലിയാറിൽ തിരച്ചിൽ നടത്തുന്നത്.  ഇതുവരെ ചാലിയാറിൽ നിന്ന് 80 മൃതദേഹങ്ങളും 152 ശരീര ഭാഗങ്ങളുമാണ് കണ്ടെത്താനായത്.

ദുരന്ത മേഖലയിലെത്തിയ  ഡോ. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള സംഘ ഇന്നും മേഖലയിൽ പരിശോധന തുടരുകയാണ്. കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് ഇന്നലെ മാറ്റിവെച്ച ഒരു മൃതദേഹത്തിന്‍റേയും മൂന്ന് ശരീര ഭാഗങ്ങളുടെയും സംസ്കാരം വൈകീട്ട് പുത്തുമലയിലെ ശ്മശാനത്തിൽ നടക്കും. അതേസമയം ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ മേഖലയിലേക്ക് കടക്കാൻ സൈന്യം നിർമിച്ച താൽക്കാലിക നടപ്പാലം പൊളിച്ചു നീക്കി. മഴ ശക്തിപ്പെട്ടത്തോടെ കഴിഞ്ഞ ദിവസം പാലം ഭാഗികമായി തകർന്നിരുന്നു. 

Search for missing people in Wayanad disaster to continue: