കൊല്ലത്ത് വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയ്ക്ക് ഭൂമി വാങ്ങാനുളള നീക്കം വിവാദത്തില്‍. വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഭൂമിക്ക് വില കുറച്ചു കാണിച്ച വില്ലേജ് ഓഫീസര്‍ക്കെതിരെ നടപടി വേണമെന്നാണ് സര്‍വകലാശാല സിന്‍ഡിക്കറ്റിന്‍റെ വിചിത്രമായ തീരുമാനം. കോടികളുടെ ഇടപാട് നടക്കുന്ന വസ്തുക്കച്ചവടത്തിന് പിന്നില്‍ വന്‍മാഫിയ ഉളളതായാണ് ആക്ഷേപം.
സര്‍വകലാശാല കണ്ടെത്തിയ സ്വകാര്യവ്യക്തിയുടെ എട്ടേക്കര്‍ പതിമൂന്നു സെന്റ് സ്ഥലം വാങ്ങാനുളള നടപടിക്രമത്തിന്റെ ഭാഗമായി മുണ്ടയ്ക്കല്‍ വില്ലേജ് ഓഫിസറാണ് മൂല്യനിര്‍ണയം നടത്തി വിലയിട്ടത്. സെന്‍റിന് രണ്ടുലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപ വില നിശ്ചയിച്ച് സര്‍വകലാശാലയ്ക്ക് റിപ്പോര്‍ട്ട് നല്‍കി. ഇതാണിപ്പോള്‍ ഭൂമിക്കച്ചവടക്കാരെ ചൊടിപ്പിച്ചത്. സെന്റിന് ഏഴു മുതല്‍ പത്തുലക്ഷം രൂപവരെ വിലയുണ്ടെന്നും വില കുറച്ചു കാണിച്ച വില്ലേജ് ഒാഫിസര്‍ക്കെതിരെ നടപടി വേണമെന്നുമാണ് സര്‍വകലാശാല സിന്‍ഡിക്കറ്റിന്‍റെ വിചിത്രമായ തീരുമാനം. ഇതോടെ കോടികളുടെ ഇടപാട് നടക്കുന്ന ഭൂമിക്കച്ചവടത്തിലെ കളളത്തരം അന്വേഷിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. സ്വകാര്യവ്യക്തിയുടെ ഇൗ ഭൂമി തന്നെ ഉയര്‍ന്ന വിലയ്ക്ക് വാങ്ങിക്കണമെന്ന് ആര്‍ക്കാണ് താല്‍പര്യം.
ഇതേഭൂമിയുടെ സമീപം 2023 24 ല്‍ റജിസ്റ്റര്‍ ചെയ്ത അഞ്ച് ആധാരത്തിന്റെ ശരാശരി വില പ്രകാരമാണ് വില്ലേജ് ഓഫീസര്‍ ഭൂമിക്ക് വില നിശ്ചയിച്ചത്. വില്ലേജ് ഓഫിസറുടെ റിപ്പോര്‍ട്ട് തെറ്റാണെന്ന് വരുത്തിതീര്‍ക്കാന്‍ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സംഘമാണ് ശ്രമിക്കുന്നത്.