ദുരന്തനിവാരണ സമിതിയുടെ ഭൗമശാസ്ത്ര വിദഗ്ധസംഘം ഉരുൾപൊട്ടൽ ബാധിത മേഖലയിൽ. പ്രദേശം വാസയോഗ്യമാണോ എന്ന് പരിശോധിക്കുകയാണ് പ്രധാന ലക്ഷ്യം. ദുരന്തബാധിതരെ പുനരധിവസിപ്പിക്കാൻ ഉദ്ദേശിക്കുന്ന ഭൂമിയും സംഘം പരിശോധിക്കും. വിദഗ്ധ സംഘത്തിന്റെ റിപ്പോർട്ട് അനുസരിച്ച് ആകും പുനരധിവാസം അടക്കമുള്ള കാര്യങ്ങളിൽ സർക്കാറിന്റെ തുടർനടപടികൾ.
ഭൗമ ശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം ആദ്യമെത്തിയത് ചൂരൽ മലയിൽ. ബെയ്‌ലി പാലത്തിന് സമീപം അല്പസമയം നിരീക്ഷിച്ച സംഘം വിപുലമായ പഠനമാണ് ഉദ്ദേശിക്കുന്നത് എന്ന് അറിയിച്ചു. പുഞ്ചിരി മട്ടം മുതൽ ചൂരൽമല പാലം വരെ വിശദമായ പരിശോധന നടത്തും.
ടൗൺഷിപ്പ് നിർമ്മിച്ച് ദുരിതബാധിതരെ അവിടേക്ക് മാറ്റാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഈ ഭൂമിയും സംഘം പരിശോധിച്ച് വാസയോഗ്യമാണെന്ന് ഉറപ്പുവരുത്തും. മൂന്നു ദിവസത്തിനകം പഠനം പൂർത്തിയാക്കും.