‘ഓപ്പറേഷന്‍ ചാലിയാറി’ല്‍ ഒരു തലലോട്ടിയും മറ്റൊരു ശരീരഭാഗവും കണ്ടെത്തി. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടുത്താണ് തലയോട്ടിയടക്കം കണ്ടെത്തിയത്. ദൗത്യസംഘം ശരീരഭാഗങ്ങള്‍ കല്‍പറ്റയില്‍ എത്തിച്ചു. 26 അംഗ സംഘമാണ് പ്രദേശത്ത് രാവിലെ മുതല്‍ തിരച്ചില്‍ നടത്തുന്നത്.
ഉരുൾപൊട്ടൽ ദുരന്തം കഴിഞ്ഞ് രണ്ടാഴ്ച പിന്നിടുമ്പോളും ചാലിയാറിൽ നിന്ന് ശരീരഭാഗങ്ങൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ മൃതദേഹങ്ങൾ ലഭിച്ചതോടെയാണ് ചാലിയാറിലേക്ക് തിരച്ചിൽ കേന്ദ്രീകരിച്ചത്. മുണ്ടേരി ഫാം മുതൽ സൂചിപ്പാറ വരെ തുടരുന്ന തിരച്ചിലിൽ നേരത്തെ രണ്ട് ശരീരഭാഗങ്ങൾ കണ്ടെത്തിയിരുന്നു. അപകടസാധ്യത കണക്കിലെടുത്ത് സന്നദ്ധപ്രവർത്തകരെ ഒഴിവാക്കി സൈന്യവും മറ്റ് സേനാവിഭാഗങ്ങളും ചേർന്നാണ് തിരച്ചിൽ. സൂചിപ്പാറ മുതൽ മലപ്പുറം ജില്ലയിലെ മുണ്ടേരിഫാം വരെയുള്ള പ്രദേശം അഞ്ച് സോണുകളായി തിരിച്ചാണ് പരിശോധന.
മഴയ്ക്ക് പിന്നാലെ പുഴയിൽ ഒഴുക്ക് വർദ്ധിച്ചതോടെ ചാലിയാറിലെ തിരച്ചിൽ ഏറെ സങ്കീർണമാണ്. ചാലിയാറിൽ നിന്ന് ഇതുവരെ 247 മൃതദേഹങ്ങളും ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്. മരിച്ചവർ ആരെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധനഫലങ്ങൾ ഇന്ന് മുതൽ പുറത്തുവിടും.