വയനാട് ദുരന്തത്തിന്‍റെ പുനരധിവാസം ചര്‍ച്ചയാകുമ്പോഴും ഇടുക്കി പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസം ഇനിയും അകലെ. സര്‍ക്കാര്‍ നടപ്പിലാക്കിയ പുനരധിവാസം അശാസ്ത്രീയമാണെന്നാണ് പരാതി. നഷ്ടപരിഹരമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപയും  ഇതുവരെ കിട്ടിയിട്ടില്ല.

പെട്ടിമുടി ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട എട്ട് കുടുംബങ്ങളെയാണ്  വീടൊരുക്കി പുനരധിവാസിപ്പിച്ചത്. കുറ്റിയാര്‍വാലിയില്‍ സര്‍ക്കാര്‍ അനുവദിച്ച പട്ടയ ഭൂമിയില്‍ കണ്ണന്‍ ദേവന്‍ കമ്പനി വീടുവെച്ച് നല്‍കുകയായിരുന്നു. എന്നാല്‍ ഇവിടെ നിന്ന് ജോലി സ്ഥലമായ രാജമലയിലേക്കും പെട്ടിമുടിയിലേക്കും മുപ്പത് കിലോമീറ്ററിലേറെ ദൂരമാണുള്ളത്. ഇവിടേക്ക്  ദിവസേന പോയി വരനാകത്തതുകൊണ്ട്  പലരും വീട് വാടകയ്ക്ക് നല്‍കി എസ്റ്റേറ്റ് ലയങ്ങളിലേക്ക് തന്നെ തിരികെ മടങ്ങി. 

തോരാമഴയ്ക്കൊപ്പം ദുരന്തം കുത്തിയൊലിച്ചെത്തിയ രാത്രിയില്‍  അച്ഛനും അമ്മയുമാണ് ശരവണകുമാറിന് നഷ്ടപ്പെട്ടത്. വനംവകുപ്പില്‍ താല്‍ക്കാലിക വാച്ചര്‍ ജോലി നല്‍കിയെങ്കിലും തലചായ്ക്കാനിടമില്ലാതെ ദുരിതമിപ്പോഴും തുടരുന്നു. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ ഉടനെ നല്‍കണമെന്നും സര്‍ക്കാരിന്റെ പുനരധിവാസ പദ്ധതിയിലെ അശാസ്ത്രീയത പുനപരിശോധിക്കണമെന്നുമാണ് ദുരിതബാധിതരുടെ ആവശ്യം

Two lakh rupees announced by the central government as compensation has not been received yet: