ഉരുൾ നൂറുകണക്കിന് ജീവനെടുത്ത ചൂരൽമലയുടെ താഴ്ഭാഗങ്ങളിൽ കാണാമറയത്തുള്ള 50 ലേറെ പേർക്കായി  ഊർജിത തിരച്ചിൽ.  ആളൊഴിഞ്ഞ വീടുകളിൽ ഭദ്രമായി  കരുതിവച്ചതൊക്കെ രക്ഷാപ്രവർത്തകർ പുറത്തേയ്ക്കെടുക്കുന്നത് കാണുമ്പോൾ കരൾ പിളരും.  

പുന്നപ്പുഴ വീണ്ടും  ശാന്തമായൊഴുകയാണ്  ഇരുകരകളേയും ശ്മശാന ഭൂമിയാക്കിയ ഭാവം ഒന്നുമില്ലാതെ . വെള്ളാർ മല സ്കൂളിലെ മിടുക്കന്മാരും മിടുക്കികളും വാരിക്കൂട്ടിയ സമ്മാനങ്ങൾ, അവരുടെ കുഞ്ഞ് സമ്പാദ്യക്കുടുക്ക ,  മനോഹരമായ കൈയക്ഷരത്തിലെഴുതിയ നോട്ട് ബുക്കുകൾ...കളിപ്പാട്ടങ്ങൾ  കുഞ്ഞുങ്ങൾ പുതഞ്ഞു  പോയ മണ്ണിൽ തെളിഞ്ഞു കാ ണുന്നതൊക്കെയും നോവു കാഴ്ചകൾ. തകർന്നു തരിപ്പണമായ വീടിനുള്ളിൽ  ഭദ്രമായി അവശേഷിക്കുന്നത് പട്ടയ രേഖ മാത്രം.  പ്രത്യേകം കവറുകളിൽ പൊതിഞ്ഞുവച്ച പെൻഷൻ ബുക്കുകളും . റേഷൻ കാർഡും.  അലമാരക്കുള്ളിൽ ഭംഗിയായി തേച്ച് മടക്കി  വച്ച പട്ടുസാരി ഇനിയൊരു കല്യാണമോ  ഉത്സവമോ കൂടില്ല.

രണ്ടാൾ പൊക്കത്തിൽ ചെളി മൂടിയ വീടുകൾക്കുള്ളിൽ  വെള്ളം താഴ്ന്നതോടെയാണ് രക്ഷാപ്രവർത്തകർക്ക് കടന്നെത്താനായത്. വിലപ്പെട്തൊക്കെയും രക്ഷാപ്രവർത്തകർ വീണ്ടെടുത്ത വീടുകളിൽ പലതിലും അതിനൊന്നുമിനി അവകാശികളില്ല . അന്ത്യകർമങ്ങൾക്കായെങ്കിലും എന്തെങ്കിലും അവശേഷിക്കുന്നുണ്ടോയെന്ന് പരതുകയാണ് പതിമൂന്നാം ദിനത്തിലും മഹാദുരന്തത്തിന്‍റെ ഇരകൾ.

ENGLISH SUMMARY:

Intensive search for more than 50 missing people in the foothills of Churalmala