കേരളത്തിലെ 13 ശതമാനം പ്രദേശങ്ങളും ഉരുള്‍പൊട്ടല്‍ ഭീഷണിയിലെന്ന് ഗവേഷകര്‍. കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ നിര്‍മിച്ച അപകടമുന്നറിയിപ്പ് ഭൂപടവും പഠനറിപ്പോര്‍ട്ടിലുണ്ട്.
ഇടുക്കി, പത്തനംതിട്ട. പാലക്കാട്, വയനാട്, മലപ്പുറം ജില്ലകളിലാണ് ഉരുള്‍പൊട്ടല്‍ ഭീഷണി കൂടുതലായുമുള്ളതെന്ന് പഠനം പറയുന്നു. കുറഞ്ഞ സമയത്ത് പെയ്യുന്ന അതിതീവ്ര മഴയാണ് പ്രധാന കാരണം. മുന്‍വര്‍ഷങ്ങളേക്കാള്‍ ഈ ജില്ലകളിലെ ഉരുള്‍പൊട്ടല്‍ സാധ്യത വര്‍ധിച്ചത് നാലുശതമാനത്തോളം. എഐയുടെയും, ഉപഗ്രഹ ചിത്രങ്ങളുടെയും സഹായത്തോടെ തയാറാക്കിയ ഉരുള്‍പൊട്ടല് സാധ്യത ഭൂപടം നിലവിലെ അപകടാവസ്ഥ വ്യക്തമാക്കുന്നു. വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളും ഭൂപടത്തില്‍ ഹോട്ട് സ്പോട്ടാണ്. കഴിഞ്ഞ ജനുവരിയില്‍ പുറത്തുവന്ന പഠനറിപ്പോര്‍ട്ടില്‍ ഈ പ്രദേശത്തെ അപകടഭീഷണി ചൂണ്ടിക്കാട്ടുന്നുണ്ട്. കുഫോസിലെ ഡോ.ഗിരീഷ് ഗോപിനാഥിന്‍റെയും എ.എല്‍.അച്ചുവിന്‍റെയും നേതൃത്വത്തിലായിരുന്നു ഗവേഷണം.