താഴേത്തട്ടു മുതൽ പ്രവർത്തിച്ച് പടിപടിയായി വളർന്നു വന്ന നേതാവായിരുന്നു കുട്ടി അഹമ്മദുകുട്ടി. സാധാരണക്കാരനായുള്ള ജീവിതം, പൊതുസമൂഹത്തിന്‍റെ പ്രശ്നങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിന് മുന്നില്‍ എത്തിക്കാന്‍ അദ്ദേഹത്തെ പ്രാപ്തനാക്കി. 2 വട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറും ജില്ലാ പഞ്ചായത്ത് അംഗവുമായ അനുഭവം തദ്ദേശമന്ത്രിയായി തിളങ്ങാനും അദ്ദേഹത്തിന് കരുത്തായി. പരിസ്ഥിതി വിഷയങ്ങളിലും സജീവ ഇടപെടൽ നടത്തിയാണ് ജനകീയ നേതാവ് മടങ്ങുന്നത്.
പരന്ന വായനക്കും എഴുത്തിനുമൊപ്പം സാധാരണക്കാരന്‍റെ പ്രശ്നങ്ങളെല്ലാം കെ. കുട്ടി അഹമ്മദ് കുട്ടി സ്വന്തം വിഷയമായി ഏറ്റെടുക്കുമായിരുന്നു. നിലവിൽ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്. 2004ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിൽ തദ്ദേശ സ്വയംഭരണ മന്ത്രിയായിരുന്നു. 1992ലെ ഉപതെരഞ്ഞെടുപ്പിൽ താനൂരിൽനിന്നും 1996ലും 2001ലും തിരൂരങ്ങാടിയിൽനിന്നും നിയമസഭാംഗമായി. 1953 ജനുവരി 15ന് കെ. സെയ്താലിക്കുട്ടി മാസ്റ്ററുടേയും മകനായി ജനിച്ചു. രണ്ട് തവണ താനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി. മുസ്‌ലിംലീഗ് താനൂർ നിയോജക മണ്ഡലം പ്രസിഡന്റ്, എസ്.ടി.യു മലപ്പുറം ജില്ലാ പ്രസിഡന്റ്, മലപ്പുറം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു. ദീർഘകാലമായി താനൂർ വടക്കേപ്പള്ളി മഹല്ല് കമ്മിറ്റി പ്രസിഡന്റാണ്. തിരൂർ എസ്.എസ്.എം. പോളിയുടെ ഗവേർണിംഗ് ബോഡി ചെയർമാനായിരുന്നു. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി, വൈസ് പ്രസിഡന്റ്, ലോക്കൽ സെൽഫ് ഗവൺമെന്റ് ബോർഡ് ചെയർമാൻ എന്നീ പദവികൾ വഹിച്ച അദ്ദേഹം നിലവിൽ സംസ്ഥാന കമ്മിറ്റിയുടെ പരിസ്ഥിതി സംരക്ഷണ സമിതിയുടെ ചെയർമാനായും പ്രവർത്തിച്ച് വരികയായിരുന്നു.ജഹനാരയാണ് മക്കൾ: സുഹാന, സുഹാസ് അഹമ്മദ്, ഷഹബാസ് അഹമ്മദ്.