Election-clash

TOPICS COVERED

പത്തനംതിട്ട തുമ്പമണ്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് വളഞ്ഞിട്ട് തല്ലിയോടിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്‍റിന് അടക്കം സാരമായി പരുക്കേറ്റു. സിപിഎം കള്ളവോട്ട് ചെയ്യുന്നു എന്നാരോപിച്ചുള്ള പ്രതിഷേധം സംഘര്‍ഷമായതോടെയാണ് ലാത്തിച്ചാര്‍ജ് തുടങ്ങിയത്. ഇരുപത് വര്‍ഷത്തിലധികമായി സിപിഎമ്മാണ് ബാങ്ക് ഭരിക്കുന്നത്.

തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി നേരത്തേ തന്നെ സിപിഎം കോണ്‍ഗ്രസ് തര്‍ക്കമുണ്ട്. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കള്ളവോട്ടിന് ബസില്‍ ആളെ എത്തിക്കുന്നു എന്നാരോപിച്ചുള്ള തര്‍ക്കമാണ് കയ്യാങ്കളിയിലേക്ക് എത്തിയത്. ചിലര്‍ പൊലീസിനെ പിടിച്ചു തള്ളിയതോടെ ലാത്തിച്ചാര്‍ജായി.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്‍റ് എം.ജെ.രഞ്ജു, കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, ജോഷ്വ വര്‍ഗീസ്, ശമുവേല്‍ എന്നിവര്‍ക്ക് പരുക്കേറ്റു. സംഭവമറിഞ്ഞെത്തിയ കോണ്‍ഗ്രസ് നേതാവ് എം.ജി.കണ്ണന് നേരെ മുട്ടയെറിഞ്ഞു. 

പരുക്കേറ്റവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചശേഷം റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. സുതാര്യമായും സമാധാനപരമായും നടന്ന തിരഞ്ഞെടുപ്പില്‍ തോല്‍വി മണത്ത കോണ്‍ഗ്രസ് ബോധപൂര്‍വം സംഘര്‍ഷമുണ്ടാക്കി എന്നാണ് സിപിഎം ആരോപണം

ENGLISH SUMMARY:

Pathanamthitta Thumpaman Service Cooperative Bank election;Congress members surrounded by police and beaten up