പല തവണ ഉരുള്‍പൊട്ടിയ കൂട്ടിക്കലില്‍ വീണ്ടും ദുരന്തത്തിലേക്ക് വഴി തുറക്കുകയാണ് ചെരിവുകളില്‍ പണിതുവെച്ച വമ്പന്‍ റിസോര്‍ട്ട് കെട്ടിടങ്ങള്‍. പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഓരോ ദിവസവും പണിതുവെക്കുന്ന പുതിയ കെട്ടിടങ്ങളെക്കുറിച്ച് ചോദിച്ചാല്‍ കൂട്ടിക്കല്‍ പഞ്ചായത്തിന് മറുപടിയില്ല. പാറമട ലോബിയെയും റിസോര്‍ട്ട് മാഫിയയെയും കയറൂരി വിടുന്ന അധികൃതര്‍ തന്നെയാണ് കൂട്ടിക്കലിലെ ഉരുള്‍പൊട്ടലുകള്‍ക്ക് കാരണമെന്ന് പറയുകയാണ് നാട്ടുകാര്‍. ഉരുളിന്റെ ഉത്ഭവപ്രദേശത്ത് കൂടി യാത്ര ചെയ്ത മനോരമ ന്യൂസ് സംഘം കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകളാണ്.
കൂട്ടിക്കലില്‍ ഒറ്റ ദിവസം പൊട്ടിയ ചെറുതും വലുതുമായ ഇരുപതിലധികം ഉരുളുകളുടെ ഉത്ഭവപ്രദേശത്ത് കൂടിയായിരുന്നു ഞങ്ങളുടെ യാത്ര...ഉരുള്‍ കടന്നുപോയ സ്ഥലങ്ങളെല്ലാം ചെടികള്‍ വളര്‍ന്ന് കല്ലും മണ്ണും മൂടിയിട്ടുണ്ട്. മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പില്ലാതിരുന്ന പലതും പുതുതായി കണ്ട് തുടങ്ങി. കൂട്ടിക്കല്‍ പഞ്ചായത്ത് ആറാം വാര്‍ഡ് വല്യന്തയില്‍ നിന്ന് കുന്നിന്‍ മുകളിലേക്ക് നോക്കിയാലുള്ള കാഴ്ച പേടിപ്പെടുത്തുന്നതാണ്.
തൊട്ടടുത്ത ദുരിതബാധിതപ്രദേശമായ ഇളങ്കാട് സ്വദേശി സണ്ണിയായിരുന്നു പാറമടയും റിസോര്‍ട്ടുകളും കാണിച്ച് തരാനും ഗുരുതരാവസ്ഥ ബോധ്യപ്പെടുത്താനും യാത്രയില്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നത്. 2021 ല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരായ കൂട്ടിക്കലിലെ വലിയ പ്രക്ഷോഭത്തിന്റെ കണ്‍വീനറായിരുന്നു സണ്ണി.കര്‍ഷകര്‍ക്ക് വേണ്ടി നടത്തിയ സമരത്തില്‍ നേട്ടമുണ്ടാക്കിയത് റിസോര്‍ട്ട് – പാറമട മാഫിയയെന്ന് തിരിച്ചറിഞ്ഞതോടെ നാട്ടില്‍ ഇനി ഒരാപത്ത് ഉണ്ടാവാതിരിക്കാന്‍ തന്നാലാവുന്നത് ചെയ്യുകയാണ് സണ്ണിയെപ്പോലുള്ള നാട്ടുകാര്‍.
ഇതിനിടെ പ്ലാപ്പള്ളിയില്‍ പുതിയ പാറമട പ്രവര്‍ത്തിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയതായി നാട്ടുകാര്‍ പറയുന്നു. വാഗമണ്‍ മലനിരകളില്‍ ഇനിയൊരു വലിയ ഉരുള്‍പൊട്ടിയാല്‍ അത് കൂട്ടിക്കലിലെ പ്രധാനപ്പെട്ട അഞ്ച് ജനവാസപ്രദേശങ്ങളെ തൂത്തെറിയുമെന്നും നാട്ടുകാര്‍ ആശങ്കപ്പെടുന്നു.