
വൈദ്യുതി നിരക്ക് വര്‍ധനയ്ക്കുപുറമെ വേനല്‍നിരക്കും ഈടാക്കാന്‍ കെ.എസ്.ഇ.ബി.നീക്കം. മൂന്നുവര്‍ഷത്തേയ്ക്ക് ജനുവരി മുതല്‍ മേയ് വരെ യൂണിറ്റിന് പത്തുപൈസയാണ് വേനല്‍നിരക്ക്. വൈദ്യുതി റഗുലേറ്ററി കമ്മിഷന് പുതുക്കി നല്‍കിയ താരിഫ് നിര്‍ദ്ദേശങ്ങളിലാണ് സമ്മര്‍താരിഫ് എന്ന പേരില്‍ അധികതുക ഈടാക്കാന്‍ അനുമതി തേടിയത്. ഈ സാമ്പത്തിക വര്‍ഷം യൂണിറ്റിന് ശരാശരി 30 പൈസ കൂട്ടണമെന്ന ആവശ്യത്തിന് പുറമെയാണിത്.
വൈദ്യുതി ഉപയോഗം ഗണ്യമായി കുതിച്ചുയരുന്ന വേനല്‍ക്കാലത്ത് നിലവിലെ നിരക്കിനുപുറമെ യൂണിറ്റിന് പത്ത്പൈസ കൂടി ഈടാക്കാന്‍ അനുവദിക്കണമെന്നാണ് ,,വൈദ്യുതി റഗുലേറ്ററി കമ്മിഷന് പുതുക്കി നല്‍കിയ അപേക്ഷയില്‍ കെ.എസ്.ഇ.ബിയുടെ ആവശ്യം. ജനുവരി മുതല്‍ മേയ് വരെയുള്ള കാലയളവിലേക്കാണിത്. യൂണിറ്റിന് 30 പൈസവീതം കൂട്ടണമെന്ന ആവശ്യത്തിന് പുറമെയാണ് പത്തുപൈസയുടെ വേനല്‍ക്കാല നിരക്ക്. നടപ്പുസാമ്പത്തിക വര്‍ഷം യൂണിറ്റിന് 30 പൈസയും 2025–26 സാമ്പത്തികവര്‍ഷം യൂണിറ്റിന് 20 പൈസയും 026–27 സാമ്പത്തിക വര്‍ഷം രണ്ടുപൈസയും കൂട്ടണം. മൂന്നുസാമ്പത്തിക വര്‍ഷവും ജനുവരിമുതല്‍ മേയ് വരെ വേനല്‍നിരക്ക് പത്ത് പൈസവീതവും. ഇതുവഴി ഈ സാമ്പത്തിക വര്‍ഷം 811.20 കോടിരൂപയും അടുത്ത സാമ്പത്തിക വര്‍ഷം 549.10 കോടി രൂപയും 2026–27 കാലയളവില്‍ 53.82 കോടിരൂപയും അധികവരുമാനം ലക്ഷ്യമിടുന്നു.
ടൈം ഒണ്‍ ഡിമാന്‍റ് ബിലിങ് രീതി ഏര്‍പ്പെടുത്തി പകലും രാത്രിയും വെവ്വേറെ നിരക്ക് ഈടാക്കാന്‍ അനുവദിക്കണമെന്ന നേരത്തെയുള്ള നിര്‍ദ്ദേശം ആവര്‍ത്തിച്ചിട്ടുണ്ട്. വൈകുന്നേരം ആറുമുതല്‍ പത്തുവരെ നിലവിലെ നിരക്കിനെക്കാള്‍ യൂണിറ്റിന് ഇരുപത്തഞ്ചുശതമാനം അധികം ഈടാക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. ഈ നിര്‍ദ്ദേശങ്ങളിന്മേല്‍ പൊതുതെളിവെടുപ്പിന് ശേഷമാകും വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ തീരുമാനമെടുക്കുക.