കേരളത്തിലെ പൊതുമേഖല ഔഷധ നിർമാണ കമ്പനി ആയ ആലപ്പുഴ കലവൂരിലെകേരള സ്റ്റേറ്റ് ഡ്രഗ്‌സ് & ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡിൽ ഉൽപാദന പ്രതിസന്ധി. കേരള മെഡിക്കൽ സർവീസ് കോർപ്പറേഷൻ സർക്കാർ സ്ഥാപനത്തെ അവഗണിച്ച് സ്വകാര്യ കമ്പനികളിൽ നിന്ന് മരുന്നു വാങ്ങുന്നതാണ് കെ എസ് ഡിപിയുടെ തകർച്ചയ്ക്ക് കാരണം.
പ്രതിസന്ധി പരിഹരിക്കാത്തതിൽ സി.ഐ.ടി യു പരസ്യ പ്രതിഷേധവുമായി രംഗത്തെത്തി. മരുന്നു നൽകിയതിന് മെഡിക്കൽ സർവീസ് കോർപ്പറേഷൻ കെ എസ് ഡി പിക്ക് നൽകാനുള്ളത് 37 കോടിയിലധികം രൂപയാണ്.
മെഡിക്കൽ സർവീസ് കോർപ്പറേഷന് ആവശ്യമായ മരുന്നുകളുടെ 50 ശതമാനം പൊതുമേഖല സ്ഥാപനമായ KSDP യിൽ നിന്ന് വാങ്ങണമെന്നാണ് നിർദേശം. എന്നാൽ 14 ഉൽപ്പന്നങ്ങൾക്ക് മാത്രമാണ് ഓർഡറുകൾ നൽകിയത്. 64 ഇനം മരുന്നുകൾ കൂടി വിതരണം ചെയ്യാൻ KSDP തയാറാണെങ്കിലും മെഡിക്കൽ സർവീസ് കോർപ്പറേഷൻ ഓർഡർ നൽകിയില്ല സ്വകാര്യ കമ്പനികളിൽ നിന്ന് കമ്മിഷൻ വാങ്ങാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് KSDP യെ അവഗണിക്കുന്നത് എന്നാണ് ആക്ഷേപം മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയിട്ടും പരിഹാരമുണ്ടാകാതിരുന്നതിനെ തുടർന്നാണ് സിഐടിയു നേതൃത്വത്തിൽ ജീവനക്കാർ പരസ്യ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
മെഡിക്കൽ സർവീസ് കോർപ്പറേഷന് മരുന്ന് നൽകിയ വകയിൽ 37 കോടിയിലധികം രൂപ KSDP യ്ക്ക് കിട്ടാനുണ്ട്. ഓർഡറുകൾ ലഭിക്കാതിരുന്നതിനെ തുടർന്ന് ഉൽപാദനം നിലച്ചതോടെ ദിവസവേതനക്കാരായ 400 തൊഴിലാളികളെ പിരിച്ചു വിട്ടു. ഇൻജക്ഷൻ, ഗുളിക , കാപ്സ്യൂൾ എന്നിവയുടെ ഉൽപാദനം പൂർണമായി നിലച്ചു. അടുത്ത മാസം ജീവനക്കാരുടെ ശമ്പളം പോലും മുടങ്ങുന്ന അവസ്ഥയാണ്.