തകർന്നു പോയ ഒരു നാടിന്റെ ഏറ്റവും വലിയ സ്നേഹ സമ്പത്ത് പൂർവ സ്ഥിതിയിലാക്കാനുള്ള ശ്രമത്തിലാണ് അധ്യാപകർ. വെള്ളാർമല സ്കൂൾ. നാട്ടുകാരെ ഒന്നിപ്പിച്ചു നിർത്തിയിരുന്ന സ്കൂൾ മേപ്പാടിയിലേക്ക് മാറ്റി പ്രവർത്തിപ്പിക്കാനുള്ള ശ്രമത്തിലാണ് അധ്യാപകർ, അവരെ ഹൃദയം കൊണ്ട് ചേർത്ത് നിർത്താൻ മേപ്പാടിയിലെ കുട്ടികളും തയ്യാറെടുപ്പ് തുടങ്ങി..
വെള്ളാർമലയിലെ കുട്ടികളെ കാത്തിരിക്കുകയാണ് മേപ്പാടി സ്കൂളിലെ കുട്ടികൾ. സ്വർഗം പോലൊരു വിദ്യാലയം നഷ്ടപ്പെട്ടവരാണ്. ദുരിതക്കയം നീന്തി കടന്നവരാണ്. അവരെ ചേർത്ത് പിടിക്കണം, കഥകൾ പറയണം. ചൂരൽമലക്കാരുടെ എല്ലാമെല്ലാമായിരുന്നു സ്കൂൾ. ഒരു നാടിനെ ഒന്നിപ്പിച്ചു നിർത്തിയ നാട്ടെല്ല്. ദുരന്തത്തെ മറന്ന് നാടിനെ ഒന്നിപ്പിക്കാൻ ഇനിയും സ്കൂൾ വേണം..
489 പേരുണ്ടായിരുന്ന സ്കൂളിൽ 42 ഓളം കുട്ടികൾ അപകടത്തിൽ പെട്ടിട്ടുണ്ട്. അവരില്ലാതെയാണ് കൂട്ടുകാർ മേപ്പാടിയിലെത്തുക. അവരില്ലാത്ത കുറവ് മേപ്പാടിയിലെ കൂട്ടുകാർ നികത്തും. വെള്ളാർമല എന്ന പേരിൽ തന്നെ സ്കൂൾ മേപ്പാടിയിൽ പ്രവർത്തിക്കും. ക്ലാസ്സ് റൂമുകൾ ഒരുക്കും, സ്കൂളിന്റെ അതേ പശ്ചാത്തലമുണ്ടാകും. ദുരിതാശ്വാസ ക്യാംപുകളുടെ പ്രവർത്തനം അവസാനിപ്പിക്കുന്നതോടെ ക്ലാസുകൾ ആരംഭിക്കും. ഏറ്റവും വലിയ അതിജീവന നീക്കമാണിത്.