പത്തനംതിട്ട ജില്ലയിലെ ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള സ്ഥലങ്ങളില്‍ എന്‍ഡിആര്‍എഫ് സംഘം പരിശോധന നടത്തി. മുന്‍പ് ഉരുള്‍ പൊട്ടിയ സ്ഥലങ്ങളും അടിയന്തര ഘട്ടത്തില്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറക്കേണ്ട സ്ഥലങ്ങളും സംഘം നേരില്‍ക്കണ്ട് വിലയിരുത്തി.

പത്തനംതിട്ട സീതത്തോട്, ചിറ്റാര്‍, തണ്ണിത്തോട് പഞ്ചായത്തുകളിലായിരുന്നു പരിശോധന. മുന്‍പ് ഉരുള്‍പൊട്ടിയ സ്ഥലങ്ങളും വീണ പാറകളും കണ്ട് വിലയിരുത്തി. ഉരുള്‍പൊട്ടല്‍ ഭീതിയുള്ള സീതത്തോട് പഞ്ചായത്തിലെ മുണ്ടന്‍പാറ, തേക്കുംമൂട്, മൂഴിയാര്‍, സായിപ്പിന്‍കുഴി പ്രദേശങ്ങളും, ചിറ്റാര്‍ പഞ്ചായത്തിലെ മീന്‍കുഴി, വല്യകുളങ്ങരവാലി പ്രദേശങ്ങളും സന്ദര്‍ശിച്ചു. മുന്‍പ് മുണ്ടന്‍പാറയിലും വല്യകുളങ്ങരവാലിയിലും ഉരുള്‍പൊട്ടലില്‍ നാലുപേര്‍ മരിച്ചിരുന്നു. ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള മുണ്ടന്‍പാറ ട്രൈബല്‍ സ്കൂളും , പ്ലാത്താനത്ത് ഭൂമി വിണ്ടുകീറിയ സ്ഥലങ്ങളും വിശദമായി പരിശോധിച്ചു

മഴകനക്കുമ്പോള്‍ കിഴക്കന്‍ മേഖലയില്‍ ഉരുള്‍ പൊട്ടല്‍ പതിവാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ അതിതീവ്രമഴയാണ് ചിലയിടത്ത് പെയ്തത്. മുണ്ടന്‍പാറയില്‍ കഴിഞ്ഞ വര്‍ഷം ഭൂമിയില്‍ വിള്ളല്‍ വീണിരുന്നു. പതിനൊന്നംഗ എന്‍ഡിആര്‍എഫ് സംഘത്തിനൊപ്പം റവന്യൂവകുപ്പ് ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു.

ENGLISH SUMMARY:

The NDRF team inspected the landslide-prone areas of Pathanamthitta district