loksabha-mullaperiyar

മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ചചെയ്യണം എന്നാവശ്യപ്പെട്ട് ലോക്സഭയില്‍ കോണ്‍ഗ്രസ് എം.പിമാരുടെ ബഹളം. രാവിലെ സഭ ചേര്‍ന്നയുടന്‍ വിഷയം ചര്‍ച്ചചെയ്യണമെന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഡീന്‍ കുര്യാക്കോസ് നല്‍കിയ അടിയന്തരപ്രമേയം പരിഗണിക്കണം എന്നായിരുന്നു ആവശ്യം. എന്നാല്‍ സ്പീക്കര്‍ ഇതിന് തയാറായില്ല. ചോദ്യോത്തര വേളയിലേക്ക് കടന്നതോടെ ഹൈബി ഈഡന്‍ അടക്കമുള്ളവര്‍ ബഹളംവച്ചു. പ്രതിഷേധം അവഗണിച്ച് സ്പീക്കര്‍ സഭാനടപടികള്‍ തുടര്‍ന്നു.

അനാവശ്യ ആശങ്ക പരത്തരുതെന്ന് മന്ത്രി

വയനാട് ദുരന്തത്തിന് പിന്നാലെ മുല്ലപ്പെരിയാര്‍ ഡാമിനെ ചൊല്ലി അനാവശ്യ ആശങ്ക പരത്തരുതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. പാട്ടക്കരാറിന്റെ സാധുത പുനപരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചതോടെ മുല്ലപ്പെരിയാര്‍ കേസ് കേരളത്തിന് ഏറ്റവും അനുകൂല സാഹചര്യത്തിലാണെന്നും മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു. ഡാമിലെ നിലവിലെ സാഹചര്യം വിലയിരുത്താനായി സര്‍ക്കാര്‍ യോഗം വിളിച്ചു.

 പതിറ്റാണ്ടുകളായി കേരളത്തിന്റെ നെഞ്ചിലെ പേടിസ്വപ്നമാണ് 130 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാം. വയനാട്ടിലെ വന്‍ദുരന്തം കണ്ട മലയാളി മുല്ലപ്പെരിയാറിന്റെ ബലക്ഷയത്തേക്കുറിച്ച് ഉള്ളതും ഇല്ലാത്തതുമായ പ്രചാരണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമാക്കി.

ഡാമിന്റെ താഴ്‌വാരത്തുള്ളവരുടെ ആശങ്ക പരിഗണിച്ചാണ് നിലവിലെ സാഹചര്യവും ജലനിരപ്പ് ഉയരുമ്പോളുള്ള മുന്നൊരുക്കവും ചര്‍ച്ച ചെയ്യാന്‍ 12ന് മന്ത്രി ഇടുക്കി കലക്ട്രേറ്റില്‍ ഉദ്യോഗസ്ഥയോഗം വിളിച്ചത്. ആശങ്ക ശക്തമാകുമ്പോളും വൈകാരിക പ്രതികരണങ്ങള്‍ക്ക് അപ്പുറം സുപ്രീംകോടതിയിലെ കേസാണ് നിര്‍ണായകം. 1886ല്‍ തിരുവിതാംകൂര്‍ രാജാവും ബ്രിട്ടീഷ് സെക്രട്ടറി ഫോര്‍ സ്റ്റേറ്റ് ഓഫ് ഇന്ത്യയും തമ്മിലാണ് കരാറിന്റെ തുടക്കം. ഈ രണ്ട് കക്ഷികളും ഇന്നില്ലാത്ത സാഹചര്യത്തില്‍ കരാറിന്റെ സാധുത പുനപരിശോധിക്കണമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. കേരളത്തിന്റെ പ്രതീക്ഷ അവിടെയാണ്.

സെപ്തംബര്‍ 30ന് ഹര്‍ജി പരിഗണിക്കും മുന്‍പ്, കരാറിനെതിരായ പരമാവധി തെളിവുകള്‍ ഹാജരാക്കുകയാണ് കേരളം ചെയ്യേണ്ടത്. തമിഴ്നാടിന് ജലം, കേരളത്തിന് സുരക്ഷ ഈ രണ്ട് ആവശ്യമുയര്‍ത്തി, തമിഴ്നാടിനെ പിണക്കാതെയുള്ള പരിഹാരവുമാണ് മലയാളി മനസിലെ ജലബോംബ് അണയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ENGLISH SUMMARY:

Mullaperiyar: Congress MPs clamor in Lok Sabha demanding discussion