മുണ്ടക്കൈ ഉരുൾപൊട്ടലിൽ എസ്എസ്എല്‍സി സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ട മുഹമ്മദ് നബീലിന് ഒരു ദിവസം കൊണ്ടു സർട്ടിഫിക്കറ്റ് ലഭ്യമാക്കി വിദ്യാഭ്യാസ വകുപ്പ്. ഇന്നലെ മേപ്പാടിയിൽ എത്തിയ വിദ്യാഭ്യാസമന്ത്രി വി.ശിവൻ കുട്ടിയോടാണ് തുടർ പഠനത്തിന് പത്താം ക്ലാസ് സർട്ടിഫിക്കറ്റ് അത്യാവശ്യമാണെന്ന് നബീൽ പറഞ്ഞത്. മന്ത്രിയുടെ നിർദേശപ്രകാരം രാവിലെ മേപ്പാടി ഹയർ സെക്കന്ററി സ്കൂളിൽ വച്ച് ജില്ലാ വിദ്യാഭ്യാസ ഓഫീസർ നബീലിന് സർട്ടിഫിക്കറ്റ് നൽകി.
മുണ്ടകൈ മലയുടെ തൊട്ടു താഴെയായിരുന്നു നബീലിന്‍റെ വീട് , മഴ കനത്തപ്പോൾ തന്നെ കുടുംബം സമേതം വീട്ടിൽ നിന്നു മാറി, അതുകൊണ്ടു മാത്രം ജീവൻ തിരിച്ചു കിട്ടി, പക്ഷേ വീട് ഉരുൾ എടുത്തു , അതിനൊപ്പം സർവതും പോയി. ദുരിതാശ്വാസ ക്യാമ്പിൽ കഴിയവെയാണ് ഇന്നലെ വിദ്യാഭാസ മന്ത്രിയോട് തുടർ പഠനത്തിന് അത്യാവശ്യമായി പത്താം ക്ലാസ് സർട്ടിഫിക്കറ്റ് വേണമെന്ന് പറഞ്ഞത്. വെള്ളാർമല സ്കൂളിലെ ഉണ്ണി മാഷിൻ്റെ ശിഷ്യനായ നബീലിന് രാവിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശരത് ചന്ദ്രൻ പത്താം ക്ലാസ് സർട്ടിഫിക്കറ്റ് കൈമാറി
നബീലിനെ പോലെ സർട്ടിഫിക്കറ്റുകൾ നഷ്ടമായ കുട്ടികൾക്ക് ദുരിതാശ്വാസ ക്യാമ്പുകളിൽ ഹെൽപ്പ് ഡസ്ക്ക് ഒരുക്കിയാവും വേഗത്തിൽ സർട്ടിഫിക്കറ്റ് വിതരണം വിദ്യാഭ്യാസ വകുപ്പ് നടത്തുക.റേഷൻ കാർഡ് വിതരണത്തിനടക്കം റവന്യു വകുപ്പും നടപടികൾ വേഗത്തിലാക്കി. എല്ലാ രേഖകളും ലഭ്യമാക്കാൻ ദുരിതാശ്വാസ ക്യാമ്പിൽ ഹെൽപ്പ് ഡസ്ക്ക് പോലെ അക്ഷയ കേന്ദ്രങ്ങളിലും സംവിധാനം ഒരുക്കിയിട്ടുണ്ട്.