മഹാദുരന്തത്തില്‍ തകര്‍ന്ന് പോയ വയനാടിനെ സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് നാട്ടിെലമ്പാടും. സാലറി ചലഞ്ചും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ആവശ്യപ്പെട്ടും സര്‍ക്കാര്‍ പുനരധിവാസ പാക്കേജിന് മുന്‍കയ്യെടുക്കുന്നത്. എന്നാല്‍ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കുന്നതിനെതിരെ ചില കേന്ദ്രങ്ങളില്‍ നിന്ന് എതിര്‍പ്പും വിമര്‍ശനവും ഉയര്‍ന്നു. സി.പി.എമ്മുകാര്‍ പ്രതിയായ പ്രളയഫണ്ട് തട്ടിപ്പ് കേസടക്കം ഉയര്‍ത്തിയാണ് ദുരിതാശ്വാസനിധിയിലെ വിശ്വാസമില്ലായ്മയും സുതാര്യതക്കുറവും ചിലര്‍ ഉയര്‍ത്തിക്കാട്ടുന്നത്. ദുരിതാശ്വാസനിധിയ്ക്കെതിരെ പറയുന്നവര്‍ക്കെതിരെ കേസെടുത്താണ് സര്‍ക്കാര്‍ ഇതിനെ നേരിടുന്നത്. ഇന്ന്(6/8/24)വൈകിട്ട് വരെ 63 കേസുകളാണ് ഇത്തരം പ്രചാരണത്തിനെതിരെ എടുത്തത്.

എന്താണ് കേസ്?

ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കരുതെന്ന് പറയുകയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയോ ചെയ്യുന്നവരെ കണ്ടെത്താന്‍ സൈബര്‍ പട്രോളിങ് പൊലീസ് ശക്തമാക്കിയിട്ടുണ്ട്. അങ്ങിനെ കണ്ടെത്തുന്ന പോസ്റ്റുകള്‍ സൈബര്‍ ടീം, അതാത് പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറും. അവര്‍ കേസെടുക്കും. ദുരിതാശ്വാസനിധിക്കെതിരായ പോസ്റ്റുകളിലെ കമന്റുകളാണങ്കില്‍ അത് ഡിലീറ്റ് ചെയ്യിപ്പിക്കാനായി ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പോലുള്ള സമൂഹമാധ്യമങ്ങള്‍ക്ക് പൊലീസ് നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. ഇതുവരെ 360 പോസ്റ്റുകള്‍ കണ്ടെത്തിയപ്പോളാണ് 64 പേര്‍ക്കെതിരെ കേസെടുത്തത്. ബാക്കി 250 ലധികം പോസ്റ്റുകള്‍ ഡിലീറ്റും ചെയ്യിപ്പിച്ചു.

എന്താണ് വകുപ്പ്?

ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കരുതെന്ന് പറഞ്ഞാല്‍ അത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെ തകര്‍ക്കലെന്നാണ് പൊലീസും സര്‍ക്കാരും വ്യാഖ്യാനിക്കുന്നത്. അതുകൊണ്ട് 2011ലെ ദുരന്തനിവാരണ നിയമ പ്രകാരമുള്ള കുറ്റം ചുമത്തും. പണം നല്‍കരുെതന്ന് പ്രചരിപ്പിക്കും വഴി സര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്തെന്നാണ് രണ്ടാമത്തെ വ്യാഖ്യാനം. അതിനാല്‍ കലാപാഹ്വാനത്തിനുള്ള കുറ്റവും ചുമത്തും. കൂടാതെ വ്യാജപ്രചാരണം നടത്തിയതിനുള്ള കേരള പൊലീസ് ആക്ടിലെ വകുപ്പും കേസില്‍ ഉള്‍പ്പെടുത്തു. എഫ്.ഐ.ആറില്‍ കുറ്റത്തെ വിശേഷിപ്പിക്കുന്നത് ഇങ്ങിനെയാണ്–ജനങ്ങള്‍ തമ്മില്‍ കലാപം ഉണ്ടാക്കുന്നതിനും ദുരന്ത നിവാരണ റിലീഫിനുള്ള അഭ്യര്‍ത്ഥന തള്ളിക്കളയാന്‍ വേണ്ടി ജനങ്ങളെ പ്രേരിപ്പിക്കുന്ന നിലയിലും മുഖ്യമന്ത്രിയുടെ പത്രസമ്മേളനങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് പ്രചാരണം നടത്തി.

ജാമ്യം കിട്ടുമോ?

കലാപാഹ്വാനം ഉള്‍പ്പടെ മൂന്ന് വകുപ്പുകളുണ്ടെങ്കിലും അതെല്ലാം ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ്. അതിനാല്‍ ഭൂരിഭാഗം കേസുകളിലും അറസ്റ്റില്ല. 64 കേസില്‍ 15 പേരെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ബാക്കി ഭൂരിഭാഗം പേരെയും നോട്ടീസ് നല്‍കി ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയാണ്. ഏഴ് വര്‍ഷത്തില്‍ താഴെ മാത്രം ശിക്ഷ കിട്ടുന്ന കുറ്റമായതിനാല്‍ അറസ്റ്റ് ആവശ്യമില്ലെന്നാണ് പൊലീസുകാരുടെ അഭിപ്രായം.

കേസ് നിലനില്‍ക്കുമോ?

സര്‍ക്കാര്‍ കേസുമായി മുന്നോട്ട് പോകുമ്പോളും പൊലീസിലും നിയമവിദഗ്ധര്‍ക്കിടയിലും കേസിന്റെ നിലനില്‍പ്പിനേക്കുറിച്ച് സംശയമുണ്ട്. ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കുന്നത് സംഭാവനയാണ്. നിയമം അനുശാസിക്കുന്ന നിര്‍ബന്ധിത പണപ്പിരിവോ നികുതി അടയ്ക്കലോ അല്ല. അതിനാല്‍ സംഭാവന നല്‍കണോ വേണ്ടയോയെന്ന തീരുമാനം വ്യക്തി സ്വാതന്ത്ര്യത്തിന്റെയും അതിനെതിരെ പറയുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ഭാഗമാണെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍ തല്‍ക്കാലം എതിര്‍ശബ്ദങ്ങളെ കേസ് കാണിച്ച് ഭീഷണിപ്പെടുത്തി ഒഴിവാക്കാം എന്നതിനപ്പുറം കോടതിയിലെത്തിയാല്‍ കേസ് നിലനില്‍ക്കില്ലെന്നും അവര്‍ വിലയിരുത്തുന്നു.

ENGLISH SUMMARY:

Campaign Against cmdrf: Will the case survive if it goes to court?