കേരളത്തെ ഞെട്ടിച്ച പെട്ടിമുടി ഉരുള്‍പെട്ടല്‍ ദുരന്തമുണ്ടായിട്ട് ഇന്ന് നാലാണ്ട്. എഴുപത് പേരുടെ ജീവനെടുത്ത ദുരന്തത്തിന്റെ ആഘാതം ഇന്നും പെട്ടിമുടിയെ ചൂഴ്ന്ന് നില്ക്കുന്നു. ദുരിത ബാധിതര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത രണ്ട് ലക്ഷം രൂപയും പാഴ്വാക്കായി.
വയനാടിലെ ദുരിതമിങ്ങനെ കണ്ട് കൊണ്ടിരിക്കുമ്പോഴും കറുപ്പായിയുടെ ഓര്‍മകള്‍ തറഞ്ഞു നില്‍ക്കുന്നത് കാലവര്‍ഷം കലിപൂണ്ടൊരു രാത്രിയിലാണ്. തേയില തോട്ടത്തിലെ ദിവസ വേതനം കൊണ്ട് ജീവിതം കരുപ്പിടിപ്പിച്ച പെട്ടിമുടിയിലെ ഒരുകൂട്ടം മനുഷ്യരുടെ സ്വപ്നങ്ങളൊക്കെയും കുത്തിയൊലിച്ചെത്തിയ ഉരുള്‍ കവര്‍ന്നെടുത്തു.
ആ രാവിരുട്ടില്‍ ആറ് മാസം പ്രായമുണ്ടായിരുന്ന കൊച്ചുമകന് യമുനേശ്വരന് ഉള്‍പ്പടെ കുടുംബത്തിലെ പതിമൂന്ന് പേരെയാണ് കറുപ്പായിക്ക് നഷ്ടപ്പെട്ടത്. രാത്രി 10.30 നുണ്ടായ ദുരന്തം പുറംലോകമറിഞ്ഞത് പിറ്റേന്ന് പുലര്‍ച്ചെ. പ്രതികൂല കാലവസ്ഥയെ അതിജീവിച്ച് രക്ഷാപ്രവര്‍ത്തകര്‍ പെട്ടിമുടിയിലെത്താന്‍ വൈകി. നീണ്ട 19 ദിവസത്തെ തിരച്ചിലില്‍ 66 മൃതദേഹങ്ങള്‍ കണ്ടെടുത്തു. നാല് പേര് ഇപ്പോഴും എവിടെയെന്നറിയില്ല
ഉരുള്‍ ബാക്കിയാക്കിയ പെട്ടിമുടിക്കാര്‍ക്ക് കുറ്റിയാര്‍വാലിയിലെ എസ്റ്റേറ്റ് ഭൂമിയില്‍ പുനരധിവാസം. അഞ്ച് ലക്ഷം രൂപ കേരള സര്‍ക്കാരും രേഖകള്‍ ഹാജരാക്കിയവര്‍ക്ക് മൂന്ന് ലക്ഷം രൂപ തമിഴ്നാട് സര്‍ക്കാരും നല്കി. എന്നാല്‍ സര്‍ക്കാര്‍ ഒരുക്കിയ പുനരധിവാസം മുപ്പത് കിലോമീറ്റര്‍ അകലെയായതിനാല്‍ കറുപ്പായിയും മകളും ഇപ്പോഴും എസ്റ്റേറ്റ് ലയത്തിലാണ് താമസം
ഒരു യാത്ര പോലും പറയാതെ ഞൊടിയിടയില്‍ വിടപറഞ്ഞൊഴിഞ്ഞ പ്രിയപ്പെട്ടവരുടെ ഓര്‍മകളും പേറി ശിഷ്ടകാലം ജീവിച്ചു തീര്‍ക്കുവാന്‍ കറുപ്പായിയെപ്പോലുള്ളവര് തങ്ങളുടെ ഉയിരാണ് പണയം വയ്ക്കുന്നത്