വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കേരളം വിറങ്ങലിച്ചു നിൽക്കുമ്പോൾ മുല്ലപ്പെരിയാർ ഡാമിനെ ചൊല്ലിയുള്ള ആശങ്കകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ഡാമിന് ബലക്ഷയം ഉണ്ടെന്നുള്ള പ്രചരണം ശക്തി പ്രാപിച്ചതോടെ വിശദീകരണവുമായി ജില്ല ഭരണകൂടം രംഗത്തെത്തി.
മുല്ലപ്പെരിയാർ ഡാമിന് ബലക്ഷയമുണ്ടെന്ന് കാട്ടി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഗൂഗിൾ ഏർത്ത് ചിത്രമാണിത്. പ്രമുഖർ ഉൾപ്പെടെ ചിത്രം പങ്കുവെച്ചതോടെ ഡാം വലിയ ദുരന്തം വിതയ്ക്കാൻ ഒരുങ്ങുകയാണെന്ന രീതിയിൽ ചർച്ചകളുണ്ടായി. ഇത്തരം ചർച്ചകൾക്കായി സമൂഹമാധ്യമങ്ങളിൽ കൂടുതൽ ഗ്രൂപ്പുകൾ രൂപീകരിക്കപ്പെട്ടതോടെയാണ് ജില്ല ഭരണകൂടം വിശദീകരണവുമായി രംഗത്തെത്തിയത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ല കലക്ടർ ഫേസ്ബുക്കിൽ കുറിച്ചു.
ഡാമിലെ ജലനിരപ്പ് നിലവിൽ 131.70 അടിയാണ്. 136 അടിയിലെത്തിയാലേ സ്പിൽവേ ഷട്ടറുകളുടെ ലെവലിൽ വെള്ളമെത്തു. 142 അടിയാണ് അനുവദനീയ സംഭരണ ശേഷി. മഴ കനത്ത സാഹചര്യത്തിൽ സുപ്രീംകോടതി നിയോഗിച്ച ഉപസമിതി ഡാമിൽ പരിശോധന നടത്തിയിരുന്നു. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരളത്തിന്റെ നീക്കത്തെ തമിഴ്നാട് സർക്കാർ എതിർക്കുകയാണെങ്കിലും കേരളം ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ്