ദുരിതാശ്വാസ നിധിയെക്കുറിച്ചും സര്‍ക്കാര്‍ സംവിധാനങ്ങളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള ചര്‍ച്ചകളാണ് സൈബറിടമാകെ. അത്തരം ചര്‍ച്ചകള്‍ക്കിടയില്‍ എറണാകുളം ജില്ലാ കലക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റും കമന്‍റുകളാല്‍ ശ്രദ്ധ നേടുകയാണ്. വയനാട്ടിലെ ദുരിതബാധിതർക്ക് വീട് നിർമ്മിച്ച് നൽകുന്നതിനുള്ള സമ്മതപത്രം സ്വീകരിക്കുന്ന ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.
കലക്ടര്‍ക്കൊപ്പം നില്‍ക്കുന്ന സക്കീര്‍ ഹുസൈന്‍ എന്ന വ്യക്തിയാണ് ചര്‍ച്ചകള്‍ക്ക് കാരണം. കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈന്‍റെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയാണ് പ്രളയ ഫണ്ടിൽ തട്ടിപ്പ് നടത്തിയതെന്ന് ആരോപണമുണ്ടായിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് കമന്‍റുകള്‍. പ്രളയഫണ്ടില്‍ വിശ്വാസമില്ലാത്തത് ഇത്തരക്കാര്‍ കാരണമാണെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്.
എറണാകുളം ജില്ല ഡ്രിങ്കിംഗ് വാട്ടർ ട്രാൻസ്പോർട്ടേഷൻ വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ വയനാടിലെ ദുരിതബാധിതർക്ക് വീട് നിർമ്മിച്ച് നൽകുന്നതിനുള്ള സമ്മതപത്രം ഭാരവാഹികളിൽ നിന്ന് സ്വീകരിക്കുന്നു എന്ന തലക്കെട്ടോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റില്‍ ഭാരവാഹികളുടെ പേര് പറയാത്തത് മനപൂര്‍വ്വമാണെന്നും ആരോപണമുണ്ട്.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സക്കീറിനെ ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു. ആറുമാസത്തിന് ശേഷം വീണ്ടും തിരിച്ചെടുക്കുകയായിരുന്നു. 20.12 കോടി രൂപയുടെ ഗുരുതര തട്ടിപ്പ് നടന്നെന്ന് വ്യക്തമാക്കി എ കൗശിക്ക് കമ്മിറ്റി റിപ്പോർട്ട് നല്‍കിയിരുന്നു. എന്നാൽ, ഒരു കോടി രൂപയുടെ ക്രമക്കേട് നടന്നെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തലിൽ കലക്ടറേറ്റിലെ ജീവനക്കാരനെതിരെ മാത്രമാണ് നടപടിയെടുത്തത്.