രാജ്യത്തെ ഞെട്ടിച്ച വയനാട് ഉരുള്‍പൊട്ടലിന്‍റെ ആഘാതത്തില്‍ നിന്നും കേരളം അതിജീവനത്തിന്‍റെ വഴിയിലേയ്ക്ക് ചുവടുവയ്ക്കാന്‍ തുടങ്ങുകയാണ്. മൃതിയുടെ താഴ്‍വരയില്‍ നിന്ന് ജീവിതത്തിലേയ്ക്ക് ഇച്ഛാശക്തിയോടെ ഉയര്‍ത്തെഴുന്നേറ്റവരെ ചേര്‍ത്തുനിര്‍ത്താന്‍ എല്ലാവരും ഒറ്റക്കെട്ടായുണ്ട്. പുനരധിവാസത്തിന് ചെറുതും വലുതുമായി സുമനസുകളുടെ സഹായം ഒഴുകുന്നു. വ്യവസായികളും അഭിനേതാക്കളും രാഷ്ട്രീനേതാക്കളും മുതല്‍ കുടുക്കയില്‍ ചേര്‍ത്തുവച്ച സ്വപ്നസമ്പാദ്യം കൈമാറിയ കുരുന്നുകള്‍വരെ ഇക്കൂട്ടത്തിലുണ്ട്.
എന്നും മനുഷ്യപക്ഷത്ത് നില്‍ക്കുന്ന, മാനവീക മൂല്യങ്ങളെക്കുറിച്ച് നിരന്തരം പറയുകയും എഴുതുകയും ചെയ്യുന്ന നമ്മുടെ സാഹിത്യകാരന്മാര്‍ വയനാടിന് കൈത്താങ്ങായി എന്തു നല്‍കി? പ്രസാധകനായ സിെഎസിസി ജയചന്ദ്രനാണ് സമൂഹമാധ്യമത്തില്‍ ഇങ്ങിനെയൊരു ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്. "നമ്മുടെ സാഹിത്യ, സാംസ്ക്കാരിക നായകന്മാര്‍ ആരും ഇതുവരെ വയനാടിന് ഒന്നും നല്‍കിയതായി കണ്ടില്ല" ഫെയ്സ്ബുക്കില്‍ ജയചന്ദ്രന്‍ ഇട്ട പോസ്റ്റിന് പിന്നാലെ അഭിപ്രായപ്രടനങ്ങളുടെ ഉരുള് പൊട്ടി. സാഹിത്യകാരന്മാരെ "കുത്തി" നിരവധി പേരുടെ കമന്‍റ്. "സിനിമാ താരങ്ങളുടെ അത്രവരില്ലെങ്കിലും നമ്മുടെ സാഹിത്യ, സാംസ്ക്കാരിക നായകന്മാര്‍ക്കും അവരുടേതായ ആരാധകവൃന്ദമുണ്ട്. സംഭാവന നല്‍കുന്ന കാര്യത്തില്‍ മറ്റുള്ളവര്‍ക്ക് പ്രേരണയാകാന്‍ നമ്മുടെ സാഹിത്യകാരന്മാര്‍ക്ക് കഴിയും. അവാര്‍ഡ് തുകയുടെ ചെറിയ ഭാഗം തന്നെ കൊടുത്താല്‍ മതിയാകും." ഫെയ്സ്ബുക്ക് പോസ്റ്റിടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ജയചന്ദ്രന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
ലഡാക്ക് യാത്രക്കിടെ വയനാട് ദുരന്തത്തെക്കുറിച്ച് അറിഞ്ഞ ബെന്യാമിന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം നല്‍കിയിരുന്നു. " നോക്കാഞ്ഞിട്ടാണ്. നോക്കിയാല്‍ കാണും" എന്നായിരുന്നു അതുകൊണ്ടുതന്നെ ബെന്യാമിന്‍ സാഹിത്യകാരന്മാര്‍ സംഭാവന നല്‍കുന്നതുമായി ബന്ധപ്പെട്ട വിവാദത്തോട് പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് മുതിര്‍ന്ന എഴുത്തുകാരന്‍ ടി പത്മനാഭന്‍ അഞ്ച് ലക്ഷം രൂപ നല്‍കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പണം നല്‍കിയശേഷം മുതിര്‍ന്ന സാഹിത്യകാരന്‍ എം മുകുന്ദന്‍ ഫെയ്ബുക്കില്‍ ഇങ്ങിനെ കുറിച്ചു,"എഴുത്തുകാര്‍ ഒന്നും നല്‍കുന്നില്ലെന്ന് പലരും പരാതി പറയുന്നു. ഒരു ചെറിയ എഴുത്തുകാരനായ ഞാന്‍ ഒരു ചെറിയ തുക നല്‍കിയിട്ടുണ്ട്. തുക ചെറുതോ, വലുതോ ആകട്ടെ. കൊടുക്കുക എന്നതാണ് പ്രധാനം." സമൂഹമാധ്യമങ്ങളിലൂടെ ഒാരോ വ്യക്തിയും നിരന്തരം ഒാഡിറ്റ് ചെയ്യപ്പെടുന്ന പുതിയ കാലത്ത് എഴുത്തുകാരന്‍ നേരിടുന്ന വെല്ലുവിളിയോട് ചേര്‍ത്തുവച്ചാണ് എം മുകുന്ദന്‍ ഇതേക്കുറിച്ച് മനോരമ ന്യൂസിനോട് പ്രതികരിച്ചത്. " സാഹിത്യകാരന്മാരില്‍ പലരും സഹായം നല്‍കിയിട്ടുണ്ടായിരിക്കും. പലരും അതൊന്നും സമൂഹത്തോട് വിളിച്ചുപറയാന്‍ ആഗ്രഹിക്കുന്നില്ല. അത്തരം നന്മകള്‍ വ്യക്തിപരമായി മനസില്‍ സൂക്ഷിക്കുന്നവരാണ് ഭൂരിഭാഗം പേരും. സിനിമാക്കാര്‍ ഒരു ചെറിയ കാര്യം ചെയ്യുമ്പോള്‍ പോലും ലഭിക്കുന്ന മാധ്യമ ശ്രദ്ധ സാഹിത്യകാരന്മാര്‍ക്ക് കിട്ടാറില്ല. കാലം മാറി. ഒാരോ ചെറിയ കാര്യവും സമൂഹമാധ്യമങ്ങളിലൂടെ ലോകത്തോട് പറയേണ്ട സാഹചര്യമാണ്. പുതിയ പുസ്തകത്തിന്‍റെ പുറംചട്ടയുടെ ചിത്രം മുതല്‍ മനുഷ്യത്വപരമായ ഇടപെടലുകള്‍വരെ. ഏതായാലും നമ്മള്‍ നല്‍കുന്ന ചെറിയ സംഭാവന മറ്റുള്ളവര്‍ക്ക് നല്‍കാന്‍ പ്രചോദനമാകട്ടെ."