ഉരുള്‍ പൊട്ടിയൊലിച്ചെത്തിയപ്പോള്‍ ജീവന്‍ കയ്യില്‍ പിടിച്ചോടിയവര്‍ ദുരിതാശ്വാസ ക്യാംപുകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. സര്‍വതും നഷ്ടമായ ഇവര്‍ക്ക് സ്വന്തം ജീവനെങ്കിലും രക്ഷിക്കാനായല്ലോ എന്നതുമാത്രമാണ് ഏക ആശ്വാസം. കെട്ടിപ്പൊക്കിയ ജീവിതവും ജീവനോപാധിയുമൊക്കെ മണ്ണിനടിയില്‍ ഞെരിഞ്ഞമര്‍ന്നു കിടക്കുകയാണ് ആ ദുരന്തഭൂമിയില്‍. അതിനിടെ അതിദാരുണമായ, കണ്ണില്‍ച്ചോരയില്ലാത്ത ചില പ്രവര്‍ത്തികളും മുണ്ടക്കൈയിലും ചൂരല്‍മലയിലും നടക്കുന്നുണ്ട്.
ഭാഗികമായി നശിച്ച ചില വീടുകള്‍ മുണ്ടക്കൈയിലും ചൂരല്‍മലയിലുമുണ്ട്. ഈ വീടുകളുടെ പൂട്ടുപൊളിച്ച് ചിലര്‍ മോഷണം നടത്തുന്നുവെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. രക്ഷാപ്രവര്‍ത്തകരെന്ന വ്യാജേനയാണ് ചിലര്‍ പ്രദേശത്ത് മോഷണത്തിനിറങ്ങിയിരിക്കുന്നത്. തിരച്ചിലിനിടെ കണ്ടെത്തുന്ന വിലപിടിപ്പുള്ള വസ്തുക്കളെല്ലാം രക്ഷാപ്രവര്‍ത്തകര്‍ അധികൃതരെ ഏല്‍പ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ മോഷണം മാത്രം ലക്ഷ്യമിട്ട് ഇവിടെയെത്തിയിരിക്കുന്നവര്‍ സര്‍വതും നഷ്ടമായ ഒരു ജനതയുടെ അവസാന അത്താണിയും ഇല്ലാതാക്കുകയാണ്.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കം ചിലര്‍ ഡിസാസ്റ്റര്‍ ടൂറിസം എന്ന നിലയിലേക്കാണ് ചുരം കയറുന്നത്. ഇവിടെ വന്ന് ചിത്രങ്ങളും വിഡിയോകളും പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയാണ് ഇക്കൂട്ടര്‍. സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമുണ്ടെങ്കിലും അതിനിടയിലും ഇത്തരം പ്രവര്‍ത്തികള്‍ നടക്കുന്നുണ്ട്. നാടൊന്നാകെ വയനാടിനൊപ്പം നില്‍ക്കുമ്പോള്‍, ദുരന്തബാധിതരെ കൈപിടിച്ചുയര്‍ത്താന്‍ തങ്ങളാലാവും വിധം എന്തെങ്കിലുമൊക്കെ ചെയ്യുമ്പോഴാണ് നാടിന് തന്നെ നാണക്കേടുണ്ടാക്കി ഒരു കൂട്ടര്‍ ദുരന്തഭൂമിയില്‍ കൊള്ള നടത്തുന്നത്.