ചൂരൽമല സ്വദേശി 70 വയസുകാരി പ്രേമയ്ക്ക് പറയാനുണ്ട് രണ്ട് ഉരുൾപൊട്ടലുകൾ അതിജീവിച്ച കഥ.1984 ലെ മുണ്ടക്കൈയിലെ ഉരുള്‍പൊട്ടലില്‍ നിന്ന് രക്ഷപ്പെട്ടാണ് ചൂരൽ മലയിലേക്ക് വന്നത്. ഒടുക്കം അവിടെനിന്നും ജീവനും കൈയിൽ പിടിച്ച് രക്ഷപ്പെടേണ്ടി വന്നു.
ഉരുൾപൊട്ടലിൻ ദിവസങ്ങൾ മുൻപ് തന്നെ മുണ്ടക്കയിലും ചൂരൽ മലയിലും ശക്തമായ മഴ പെയ്തിരുന്നു . മഴമേഘം ഉരുണ്ടു കൂടുമ്പോഴേ പ്രേമയുടെ മനസ്സിൽ ആശങ്കകൾ പെരുകും. 84ലെ ഉരുൾപൊട്ടലിന്‍റെ നരയ്ക്കാത്ത ഓർമ്മകൾ പെയ്തിറങ്ങും.
ജനിച്ചു വളർന്നത് പുത്തു മലയിൽ. കല്യാണശേഷം മുണ്ടക്കൈയിലേക്ക് ജീവിതം മാറ്റി. സുരക്ഷിതമായ ഇടം തേടിയാണ് ചൂരൽ മലയിലേക്ക് എത്തിയത് . അവിടേക്കും ഉരുൾപൊട്ടി എത്തിയതോടെ ജീവിതം ഇനി എവിടെ കരുപിടിപ്പിക്കും എന്ന ആശങ്കയിലാണ് ഈ വയോധിക.