മുന്നറിയിപ്പിനെ തുടര്‍ന്ന് ആളുകളെ മാറ്റിയതിനാല്‍ കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടലില്‍ ഒഴിവായത് വന്‍ദുരന്തം. റോഡും പാലവും തകര്‍ന്ന് ഒറ്റപ്പെട്ട നിലയിലാണ് ഈ മലയോരഗ്രാമം. ഉരുള്‍ തകര്‍ത്തെറിഞ്ഞ വിലങ്ങാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വിലങ്ങാടിന്‍റെ വിരിമാറുപിളര്‍ന്നാണ് ഉരുള്‍ വന്നിറങ്ങിയത്. ഏക്കര്‍കണക്കിന് കൃഷിയിടങ്ങളും റോഡും തകര്‍ന്നു. മലവെള്ളപാച്ചലില്‍  ഏതാണ്ട് നാലുകിലോമീറ്ററിലേറെ ദൂരം നാശംവിതച്ചു. ജനുവരിയില്‍ മന്ത്രി ഉദ്ഘാടനം ചെയ്ത വിലങ്ങാട് പാലം ഭാഗികമായി തകര്‍ന്നു. ഉരുട്ടിപാലത്തിന്‍റെ അനുബന്ധറോഡ് പൂര്‍ണമായും ഒലിച്ചുപോയി. വിലങ്ങാട് ടൗണിലേക്കുള്ള റോഡിന്‍റെ പകുതിയോളം പുഴയെടുത്തു. പുഴയോരത്തുള്ള വീടുകള്‍ പലതും തകര്‍ച്ചയിലാണ്. മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് വൈകീട്ട് തന്നെ 150 ഓളം പേരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിരുന്നു.

മലവെള്ളത്തില്‍ 13 വീടുകള്‍ പൂര്‍ണമായും ഒലിച്ചുപോയി. 800 ഓളം പേരാണ് ദുരിതാശ്വാസക്യാമ്പിലുള്ളത്. ഞായറാഴ്ച പുലര്‍ച്ചേയാണ് വിലങ്ങാട് നാലിടത്ത് ഉരുള്‍പൊട്ടലുണ്ടായത്. വയനാട് ഉരുള്‍പൊട്ടലുണ്ടായ മലനിരകളുടെ ഭാഗം തന്നെയാണ് വിലങ്ങാടും.

ENGLISH SUMMARY:

People were evacuated following the warning and a major disaster was avoided in the Vilangad landslide