ഉരുളെടുത്ത പ്രിയപ്പെട്ടവരെ ഓര്‍ത്ത് ഉള്ളുരുകി കഴിയുകയാണ് വയനാട് മുണ്ടക്കൈ സ്വദേശി പടിക്കപ്പറമ്പില്‍ സുഹൈല്‍. കണ്ണടച്ച് തുറക്കും മുമ്പേ കുത്തിയൊലിച്ചെത്തിയ ഉരുളില്‍ തലനാരിഴയ്ക്കാണ് സുഹൈല്‍ രക്ഷപ്പെട്ടത്. ഉപ്പയും അനിയനും ഉള്‍പ്പെടെ കുടുംബത്തിലെ അഞ്ചുപേരെയാണ് സുഹൈലിന് നഷ്ടമായത്.
കോഴിക്കോട് മെഡിക്കല്‍ കോളജിലെ 37 –ാം വാര്‍ഡില്‍ കിടക്കുമ്പോഴും സുഹൈലിന്‍റെ ചെവിയിലേക്ക് ഇരച്ചെത്തുന്നുണ്ട്. കൂട്ടനിലവിളികളും ആര്‍ത്തിരമ്പിയെത്തിയ വെള്ളവും. നിമിഷനേരം കൊണ്ട് മണ്ണും കല്ലും ഒലിച്ചെത്തി പ്രദേശമാകെ മൂടി. ഉറ്റവരെയും സ്നേഹിതരെയും കൊണ്ട് ഉരുള്‍ കുത്തിയൊലിച്ചുപോയി. രാത്രി ഒരുമണിയോടെ ഭീകരശബ്ദം കേട്ടാണ് സുഹൈലും ഭാര്യയും ഞെട്ടിയുണര്‍ന്നത്.
സുഹൈലിന്‍റെ വീടിന് പിന്‍വശത്താണ് ഉരുള്‍പൊട്ടിയത്. പെട്ടെന്ന് തന്നെ ഭാര്യ ഷഹല, മാതാവ് റാബിയ, സഹോദരന്‍ ഇസ്‌ഹാഖ്, മാതാവിന്‍റെ സഹോദരി റൂബിയ മകന്‍ എന്നിവരെ സുഹൈല്‍ രക്ഷപ്പെടുത്തി. ഇതിനിടെ സുഹൈലിന്‍റെ കാലില്‍ കമ്പി തുളച്ചുകയറി. ഇതോടെ കുഞ്ഞനിയന്‍ സിനാനിനെ രക്ഷിക്കാന്‍ സുഹൈലിനായില്ല
രാത്രി മഴ ശക്തമായതോടെയാണ് റാബിയയും മക്കളും സുരക്ഷിതസ്ഥാനം തേടി സുഹൈലിന്‍റെ വീട്ടിലേക്ക് എത്തുകയായിരുന്നു. സൈന്യം എത്തിയാണ് സുഹൈലിനെയും ഭാര്യയെയും അടക്കം രക്ഷപ്പെടുത്തിയത്. രണ്ടുമാസം മുമ്പ് വിവാഹത്തിന് ആയാണ് സുഹൈല്‍ ഷാര്‍ജയില്‍ നിന്നെത്തിയത്.