chaliyar-search-update
  • 295 പേര്‍ കാണാമറയത്ത്
  • സൈന്യവും പൊലീസും നാട്ടുകാരും തിരച്ചിലിന്

വയനാട് ഉരുള്‍പൊട്ടലില്‍ മരണം 319 ആയി. ചാലിയാര്‍ ചുങ്കത്തറ കൈപ്പിനിയില്‍ നിന്നാണ് ഒരു മൃതദേഹം കൂടി കണ്ടെത്തിയത്. ചാലിയാറില്‍ നിന്ന് ഇതുവരെ 174 മൃതദേഹങ്ങള്‍ കണ്ടെടുത്തു. രാവിലെ വെള്ളാര്‍മല സ്കൂളില്‍ നിന്നും ചാലിയാറില്‍ നിന്നും ഓരോ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. 295 പേരെ കൂടി ഇനിയും കണ്ടെത്താനുണ്ട്. 

 

ചാലിയാര്‍ ഒഴുകുന്ന പരിധിയിലെ പൊലീസ് സ്റ്റേഷനുകള്‍ക്ക് തിരച്ചിലിന് നിര്‍ദേശം നല്‍കിയതായി എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ അറിയിച്ചു. പൊലീസും വനം ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും ചേർന്ന് തിരച്ചിൽ നടത്തുമെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. പുഞ്ചിരിമട്ടത്തേക്ക് കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ച് തിരയുമെന്നും എ.ഡി.ജി.പി കൂട്ടിച്ചേര്‍ത്തു.  ഉരുള്‍പ്പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്ത് 14 വീടുകളാണ് പൂര്‍ണമായും തകര്‍ന്നത്. നിരവധി റിസോര്‍ട്ടുകള്‍ക്കും കേടുപാടുകള്‍ പറ്റി. തെര്‍മല്‍ സ്കാനറും മറ്റും ഉപയോഗിച്ചുള്ള തിരച്ചിലാണ് ഇവിടെ പുരോഗമിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

അതിനിടെ, പടവെട്ടിക്കുന്നില്‍ ഒറ്റപ്പെട്ടുപോയ നാലംഗ കുടുംബത്തെ സൈന്യം രക്ഷപെടുത്തി. ജോണി, ജോമോള്‍, ക്രിസ്റ്റി, എബ്രഹാം എന്നിവരാണ് വീടിനുള്ളിലുണ്ടായിരുന്നത്. കുടുംബം ഒറ്റപ്പെട്ട് കഴിയുന്നതായി അയല്‍വാസികളാണ് ഫയര്‍ഫോഴ്സില്‍ വിവരം അറിയിച്ചത്. തുടര്‍ന്നാണ് സൈന്യം എത്തിയത്. എയര്‍ലിഫ്റ്റിന്‍റെ ആവശ്യം വരാത്തതിനെ തുടര്‍ന്ന് ഇവരെ പുത്തുമലയിലെ ബന്ധുവീട്ടിലേക്ക് മാറ്റി. പടവെട്ടിക്കുന്നിലെ ബ്രൂ റിസോര്‍ട്ടിന് മുകളിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. അപകടാവസ്ഥ കണക്കിലെടുത്ത് ഇവരോട് ഒഴിയാന്‍ സൈന്യം ആവശ്യപ്പെടുകയായിരുന്നു.

ENGLISH SUMMARY:

Death toll in the Wayanad landslide has reached 319. 295 are missing.