വയനാട്ടിലെ ഉരുള്‍പ്പൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്ത് 14 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. നിരവധി റിസോര്‍ട്ടുകള്‍ക്കും കേടുപാടുകള്‍ പറ്റി. തെര്‍മല്‍ സ്കാനറും മറ്റും ഉപയോഗിച്ചുള്ള തിരച്ചിലാണ് ഇവിടെ പുരോഗമിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. അതേസമയം വയനാട്ടിലെ ദുരന്തത്തിലകപ്പെട്ടവരില്‍ രക്ഷപെടുത്താവുന്നവരെ രണ്ടു ദിവസത്തിനുള്ളില്‍ തന്നെ രക്ഷിച്ചതായി ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം പരമാവധി കാര്യക്ഷമാമായി മുന്നോട്ടുപോകുകയാണെന്നും കലക്ടര്‍ വ്യക്തമാക്കി. ബാധിക്കപ്പെട്ട അറുപത് ശതമാനം സ്ഥലങ്ങളും ഡ്രോണ്‍ നിരീക്ഷണത്തിലൂടെ കണ്ടെത്തി. ബാക്കിയുള്ള നാല്‍പത് ശതമാനം പ്രദേശത്തിന്‍റെ മാപ്പു തയാറാക്കിയിട്ടുണ്ട്. മൃതദേഹങ്ങള്‍ പുറത്തെടുക്കുക എന്ന ദൗത്യമാണ് അവശേഷിക്കുന്നതെന്നും ജില്ലാ അധികൃതര്‍ വ്യക്തമാക്കുന്നു.
വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണം 318 ആയി. വെള്ളാര്‍മല സ്കൂളിനും നിലമ്പൂര്‍ ചുങ്കത്തറ ചാലിയാറില്‍ നിന്നുമാണ് രണ്ട് മൃതദേഹങ്ങള്‍ കൂടി ലഭിച്ചത്. ചാലിയാറില്‍ നിന്നും ഇതുവരെ 173 മൃതദേഹങ്ങള്‍ കണ്ടെടുത്തു. 296പേരെ ഇനിയും കണ്ടെത്താനുണ്ട്. ചാലിയാറില്‍ ഡ്രോണ്‍ ഉപയോഗിച്ച് പൊലീസ് തിരച്ചില്‍ ആരംഭിച്ചു. നാല് ഡ്രോണുകളാണ് മൃതദേഹങ്ങള്‍ തിരയുന്നതിനായി ഉപയോഗിക്കുന്നത്. പൊലീസ് നായകളെയും സ്ഥലത്തെത്തിച്ചു. തിരച്ചില്‍ കാര്യക്ഷമമാക്കുന്നതിനായി നേവിയുടെ സഹായവും തേടിയിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായാല്‍ ഹെലികോപ്റ്ററെത്തും.
വയനാട്ടിലെ രക്ഷാദൗത്യം നാലാം ദിവസത്തിലേക്ക് കടന്നു. മുണ്ടക്കൈയില്‍ ആറ് മേഖലകളായി തിരിഞ്ഞാണ് ഇന്നത്തെ തിരച്ചില്‍. പൊലീസിനും സന്നദ്ധ പ്രവര്‍ത്തകര്‍ക്കുമൊപ്പം കോസ്റ്റ്ഗാര്‍ഡ്, ഫോറസ്റ്റ്, നേവി ടീമുകളും തിരച്ചില്‍ നടത്തും. നാല് ഡോഗ് സ്ക്വാഡ് കൂടി തമിഴ്നാട്ടില്‍നിന്ന് ഇന്നെത്തും. ബെയ്‌ലി പാലത്തിലൂടെ 25 ആംബുലന്‍സുകള്‍ മുണ്ടക്കൈയിലേക്ക് എത്തിക്കും.