വയനാട് അട്ടമലയില്‍ കാട്ടില്‍ ഭക്ഷണമില്ലാതെ കുടുങ്ങിയ അമ്മയെയും നാലു മക്കളെയും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപെടുത്തി. ഏറാട്ടുകുണ്ട് കോളനിയിലെ ശാന്തയെയും മക്കളെയുമാണ് രക്ഷിച്ചത്. റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ഹാഷിഫിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കണ്ടെത്തിയത്.
വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ഇതുവരെ മരണം 318 ആയി. വെള്ളാര്‍മല സ്കൂളിനും നിലമ്പൂര്‍ ചുങ്കത്തറ ചാലിയാറില്‍ നിന്നുമാണ് രണ്ട് മൃതദേഹങ്ങള്‍ കൂടി ലഭിച്ചത്. ചാലിയാറില്‍ നിന്നും ഇതുവരെ 173 മൃതദേഹങ്ങള്‍ കണ്ടെടുത്തു. 296പേരെ ഇനിയും കണ്ടെത്താനുണ്ട്. ചാലിയാറില്‍ ഡ്രോണ്‍ ഉപയോഗിച്ച് പൊലീസ് തിരച്ചില്‍ ആരംഭിച്ചു. നാല് ഡ്രോണുകളാണ് മൃതദേഹങ്ങള്‍ തിരയുന്നതിനായി ഉപയോഗിക്കുന്നത്. പൊലീസ് നായകളെയും സ്ഥലത്തെത്തിച്ചു. തിരച്ചില്‍ കാര്യക്ഷമമാക്കുന്നതിനായി നേവിയുടെ സഹായവും തേടിയിട്ടുണ്ട്. കാലാവസ്ഥ അനുകൂലമായാല്‍ ഹെലികോപ്റ്ററെത്തും.
വയനാട്ടിലെ രക്ഷാദൗത്യം നാലാം ദിവസത്തിലേക്ക് കടന്നു. മുണ്ടക്കൈയില്‍ ആറ് മേഖലകളായി തിരിഞ്ഞാണ് ഇന്നത്തെ തിരച്ചില്‍. പൊലീസിനും സന്നദ്ധ പ്രവര്‍ത്തകര്‍ക്കുമൊപ്പം കോസ്റ്റ്ഗാര്‍ഡ്, ഫോറസ്റ്റ്, നേവി ടീമുകളും തിരച്ചില്‍ നടത്തും. നാല് ഡോഗ് സ്ക്വാഡ് കൂടി തമിഴ്നാട്ടില്‍നിന്ന് ഇന്നെത്തും. ബെയ്‌ലി പാലത്തിലൂടെ 25 ആംബുലന്‍സുകള്‍ മുണ്ടക്കൈയിലേക്ക് എത്തിക്കും.