എങ്ങും ചെളിയും കല്ലും പാറയും. ഇതിനിടയില്‍ ഒഴുകിപ്പോയ ജീവനും ജീവിതങ്ങളും. ഉരുള്‍പൊട്ടലിന്‍റെ മൂന്നാംദിവസവും മുണ്ടക്കൈയില്‍ പ്രതീക്ഷകള്‍ ചെളി മൂടിക്കിടക്കുകയാണ്. മണ്ണുമാന്തിയന്ത്രങ്ങള്‍ രാത്രി തന്നെ എത്തിച്ചു നടക്കുന്ന തിരച്ചിലിലാണ് ഇനി പ്രതീക്ഷ.
ഈ ചെളിക്കു പുറമേയുള്ളത് പാറകളാണ്. മലമുകളില്‍ കൂറ്റന്‍ പാറകള്‍ എപ്പോള്‍ വേണമെങ്കിലും താഴേയ്ക്ക് വീഴാവുന്ന അവസ്ഥയിലും. പൂര്‍ണമായി ഇടിഞ്ഞുവീഴാത്ത ചില കെട്ടിടങ്ങളില്‍ തിരച്ചില്‍ തുടരുകയാണ്. ആരെങ്കിലും കുടുങ്ങിക്കിടപ്പുണ്ടാവുമെന്ന പ്രതീക്ഷയോടെ.
റോഡ് ഗതാഗതയോഗ്യമാക്കി കൂടുതല്‍ യന്ത്രങ്ങള്‍ എത്തിക്കാനുള്ള ജോലിയും തുടരുന്നു. പാലംവന്നതോടെ ഇരുകര വീണ്ടും തൊട്ടു. എല്ലാം മറികടന്ന് സര്‍വതും തിരഞ്ഞ് ഏതോ ദേശത്തുനിന്നെത്തിയ ഒരുപാടാളുകള്‍. ജീവനുവേണ്ടിയുള്ള തിരച്ചിലിനിടയില്‍ പാസ്പോര്‍ട്ടും ചിത്രങ്ങളുമായി ഒരു കവര്‍. പാസ്പോര്‍ട്ട് വേണ്ടാത്ത ദേശത്തേക്ക് യാത്രയായോ എന്നറിയില്ല. ഇടയില്‍ കുറച്ച് സ്വര്‍ണവളകളും. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മന്ത്രിയുടെ കാലും ഇടയ്ക്ക് ചെളിയില്‍ പൂണ്ടു. മണ്ണുമൂടി അടഞ്ഞുപോയ നിശ്വാസങ്ങള്‍..... ജീവനറ്റ സ്വപ്നങ്ങള്‍... ആരെയൊക്കെയോ ചുമന്നുവരുന്നുണ്ട് രക്ഷകര്‍.