ദുരന്തങ്ങൾ തീരാ നഷ്ടത്തിന്‍റെയും വേദനയുടെയും ചരിത്രം മാത്രമല്ല. മിച്ചമാവുന്ന ജീവിതത്തിലേക്കുള്ള പാഠങ്ങൾ കൂടി തന്നിട്ടാണ് ഓരോ ദുരന്തവും ഒഴിഞ്ഞു പോവുക.ചൂരൽമലയും ആ വഴിയേ തന്നെ.
വയനാടിനെ വരയ്ക്കു എന്ന് പറഞ്ഞാൽ ആ വര എങ്ങനെയാവും.. വലിയ മലനിരകൾക്കിടയിൽ പച്ചപരവതാനി പോലെ തേയില തോട്ടങ്ങൾ.. ഇടയ്ക്കിടെ ബഹുവർണ പൊട്ടുകൾ പോലെ തേയില കോളുന്ത് നുള്ളുന്നവർ.. പച്ചപ്പിന് വെള്ളിമണി കെട്ടിയ പോലെ നീർച്ചോലകൾ.. ചെറുപാലങ്ങൾ, ലയം, കുഞ്ഞു വീടുകൾ, അങ്ങനെ അങ്ങനെ... ഒറ്റ രാത്രി കൊണ്ട് ആ ചിത്രം മാഞ്ഞു പോയപ്പോൾ പിന്നെ വിറങ്ങലിച്ചു പോയ കുറേ മനുഷ്യർ ക്യാൻവാസിൽ ബാക്കി .അപ്പോളും പ്രകൃതി ചിലത് ബാക്കിയാക്കിയിട്ടുണ്ട്.
ഈ കാഴ്ച പാഠമാണ്.ആവേണ്ടതാണ്.ഒരു ചോലക്കപ്പുറത്തും ഇപ്പുറത്തും പച്ചപ്പാർന്ന് നിന്നയിടമാണ് ഞൊടിയിടകൊണ്ട് രണ്ട് തരം കാഴ്ചയാവുന്നത്. മണ്ണും ചെളിയും നിറഞ്ഞു കലങ്ങി മറിഞൊരിടാമാകെ വേദനയിലൊഴുകുമ്പോൾ മറുകരപച്ചപ്പ് ഒന്നും അറിഞ്ഞ മട്ടില്ലാതങ്ങനെ നിൽക്കുന്നു. നമ്മെ ചിലത് പഠിപ്പിക്കാൻ.. എത്ര വികസന വേഗത്തിലും നമുക്ക് ചവിട്ടിനിൽക്കാൻ മണ്ണ് വേണം.. പച്ചപ്പ് വേണം. ഈ കാണുന്ന പച്ചപ്പ് ഇനിയും ജീവിതമുണ്ടെന്ന പ്രതീക്ഷയാണ്.. പാഠമാണ്.. മറക്കരുത്, മണ്ണുകൊണ്ടുപോയ സ്വപ്‌നങ്ങൾക്കൊക്കെയും ഇനി ബാക്കിയാവുന്ന പച്ചപ്പാണ് പ്രായശ്ചിത്തം.