മുണ്ടക്കൈ ഗ്രാമം ഇതിനുമുന്‍പും പലവട്ടം പ്രകൃതിദുരന്തങ്ങള്‍ നേരിട്ട് അതിജീവിച്ചതാണ്. നാലു പതിറ്റാണ്ടു മുന്‍പുണ്ടായ വലിയ ഉരുള്‍പൊട്ടലില്‍ വരെ പിടിച്ചു നിന്ന മുണ്ടക്കൈയ്ക്ക് പക്ഷേ ഇത്തവണ മറികടക്കാനായില്ല.
പതിറ്റാണ്ടുകളായി ദുരന്തഭീതിയില്‍ തന്നെയാണ് മുണ്ടക്കൈ നിവാസികള്‍ ജീവിക്കുന്നത്. ദുരന്തത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മനോരമന്യൂസിനോട് സംസാരിച്ച രാമസ്വാമിയും ദുരന്തം മുന്നില്‍ കണ്ടിരുന്നു.
മുണ്ടക്കൈയിലെ വനമേഖലയിലെ ഏലത്തോട്ടത്തിലാണ് 1984ല്‍ ഉരുള്‍പൊട്ടലുണ്ടായത്. അന്ന് മരിച്ചത് 15 പേരാണ്. മരിച്ചവരില്‍ 11 പേരും ആദിവാസിവിഭാഗക്കാരായിരുന്നു. ആ ദുരന്തത്തില്‍ മണ്ണടിഞ്ഞ പത്തോളം പേരുടെ മൃതദേഹം പോലും വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. വലുതും ചെറുതുമായ ഉരുള്‍പൊട്ടലുകള്‍ പല തവണ പിന്നീടുമുണ്ടായിട്ടുണ്ട്. പക്ഷേ ഇതുപോലൊരു മഹാദുരന്തം മുണ്ടക്കൈ പ്രതീക്ഷിച്ചതല്ല. കേരളത്തില്‍ വലിയ പ്രളയമുണ്ടായ 2018ലും 2019ലുമെല്ലാം മുണ്ടക്കൈയിലും മണ്ണിടിച്ചിലുണ്ടായി. 2020ല്‍ മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടലുമുണ്ടായി, പക്ഷേ നേരത്തെ തന്നെ പുഴക്കരയിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചതിനാല്‍ ജീവാപായമുണ്ടായില്ല. 2019 ആഗസ്റ്റ് എട്ടിനാണ് പുത്തുമല ഉരുള്‍പൊട്ടലില്‍ 17 പേര്‍ മരിച്ചത്. പുത്തുമല ദുരന്തത്തിന് അടുത്തയാഴ്ച 5 വര്‍ഷം തികയാനിരിക്കേയാണ് മൂന്നു കിലോമീറ്റര്‍ അടുത്തു തന്നെ മുണ്ടക്കൈ മായാത്ത നോവായി മാറിയത്.