മുണ്ടകൈ ഉരുൾ പൊട്ടലിൽ നിന്ന് രക്ഷപ്പെട്ടുവെന്ന് ഫൗസിയ്ക്ക് കുടുംബത്തിനും ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. വീടിടിഞ്ഞു പരുക്കേറ്റ മുഖവുമായി ഓടി കയറിയതു സമീപത്തെ കുന്നിൻ മുകളിലേക്ക്. അവിടെ നിന്ന് കണ്ടത് പ്രിയപ്പെട്ടവർ ഉരുൾ പൊട്ടലിൽ ഒലിച്ചു പോകുന്നതാണ്.
മരണം ഉറപ്പിച്ച രാത്രി, ആദ്യ ഉരുൾപ്പൊട്ടലിൽ തന്നെ വീടിടിഞ്ഞു. കോൺക്രീറ്റ് പാളികൾ കീറി മുറിച്ചതാണ് ഫൗസിയയുടെയും ഫിദയുടെയും മൻസൂറിന്‍റെയും മുഖങ്ങൾ. കണ്ടു നിൽക്കാനേ കഴിഞ്ഞുള്ളു ഉറ്റവർ ഒഴുകി പോയത്. മുണ്ടെകൈ ഉരുൾ പൊട്ടലിന്‍റെ എല്ലാ തീവ്രതയും കണ്ട കുടുംബമാണ്. ഞെട്ടൽ മാറാതെ. തെങ്ങിന്‍റെ ഉയരത്തിലാണ് മലവെള്ളം എത്തിയതെന്ന് ദൃശ്യങ്ങൾ കാണിച്ച് ഫിദ പറയുന്നു. പരസ്പരം കണ്ടും കേട്ടും ജീവിച്ചിരുന്നവർ, കൺ മുന്നിലൂടെ മരണത്തിലേക്ക് പോകുന്നത് കാണുക. ഉറ്റവർ ആരോക്കെ ഇപ്പോഴും ജീവിച്ചിരുപ്പുണ്ടെന്ന് അറിയാതെ ഇരിക്കുക , ഇതാണ് ഇന്ന് മേപ്പാടി.