idhin-help

ഒരു നാട് ഒന്നാകെ ഇല്ലാതായതിന് പിന്നാലെ കനിവുള്ള മനസുകളുടെ കരയായി മാറുകയാണ് കേരളം. സഹായഹസ്തവുമായി നിരവധി ആളുകളാണ് ദുരന്ത ഭൂമിയിലേക്ക് എത്തുന്നത്. വസ്ത്രവും ഭക്ഷണവും മാത്രമല്ല മാതാപിതാക്കളെ നഷ്ടപ്പെട്ട പിഞ്ചോമനകള്‍ക്ക് മുലപ്പാല്‍ വരെ നല്‍കാന്‍ സന്നദ്ധരായി നിരവധി ആളുകളാണ് എത്തുന്നത്. ഇപ്പോഴിതാ  ചില്ലറതുട്ടുമായ് കളക്ഷന്‍ പോയിന്‍റിലെത്തിയ ഐദിനായാണ് സോഷ്യല്‍ മീഡിയ കയ്യടിക്കുന്നത്. 

ഉമ്മയ്ക്ക് ഫോൺ വാങ്ങിക്കുവാൻ വേണ്ടി കരുതിവെച്ച പണമാണ് വയനാട്ടിലെ ദുരിതബാധിതര്‍ക്കായി ഐദിന്‍ എന്ന കൊച്ചുമിടുക്കന്‍ നല്‍കിയത്. ചില്ലറത്തുട്ടുകള്‍ക്കടുത്ത് നിഷ്കളങ്കമായി നില്‍ക്കുന്ന ഐദിനെയും കാണാം. ഉമ്മയ്ക്ക് ഫോൺ വാങ്ങിക്കുവാൻ വേണ്ടി സൂക്ഷിച്ചുവെച്ച ചില്ലറതുട്ടുമായ്, വയനാട് ജനതക്കായ് ഈരാറ്റുപേട്ടയിലെ കളക്ഷൻ സെന്‍ററിൽ എത്തിയ ഐദിൻ എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. 

നിരവധി ആളുകളാണ് സഹായവുമായി ദുരന്ത ഭൂമിയിലെത്തുന്നത്. ഉരുൾപൊട്ടലിൽ സർവതും തകർത്തെറിയപ്പെട്ട വയനാട്ടിലേക്ക് അഞ്ച് കോടി രൂപ വീതം നല്‍കി പ്രമുഖ വ്യവസായികളായ എം.എ. യൂസഫലിയും രവി പിള്ളയും കല്ലാണ രാമനും അദാനിയും നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയാണ് തമിഴ് നടന്‍ ചിയാന്‍ വിക്രം സംഭാവന നല്‍കിയത്. തമിഴ്നാട് സര്‍ക്കാര്‍ അഞ്ച് കോടി രൂപ പ്രഖ്യാപിച്ചു. ആംബുലൻസ്, പ്രഥമ ശുശ്രൂഷ മരുന്നുകൾ, ഭക്ഷണം, വസ്ത്രങ്ങൾ, പാത്രങ്ങൾ, കുപ്പിവെള്ളം, കുടിവെള്ള ടാങ്കർ മുതലായ സാധനങ്ങളുമായി മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും പ്രമുഖ വ്യവസായി സി.പി. സാലിയുടെ സി.പി ട്രസ്റ്റും വയനാട്ടിലേക്ക് പുറപ്പെട്ടു. തന്‍റെ കടയിലെ മുഴുവന്‍ വസ്ത്രങ്ങളുമായി കൊച്ചിസ്വദേശി നൗഷാദും, ക്യാപുകളില്‍ കഴിയുന്നവര്‍ക്കുള്ള ഭക്ഷണവുമായി ഷെഫ് പിള്ളയും മേപ്പാടിയിലെത്തിയിരുന്നു.

ENGLISH SUMMARY:

Aydin reached the collection center with the small amount he had reserved to buy a phone for his mother