TOPICS COVERED

കനത്തമഴയെത്തുടര്‍ന്ന് പത്ത് ജില്ലകളിലെ  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. പാലക്കാട്, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, വയനാട്, കാസര്‍കോട്, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്ക് അവധി.  വിഡിയോ റിപ്പോര്‍ട്ട് കാണാം. 

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തൃശൂര്‍ ജില്ലയില്‍ മഴയും കാറ്റും തുടരുന്നതിനാലും പല സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്നതിനാലും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ഓഗസ്റ്റ് ഒന്ന്) ജില്ലയിലെ അംഗണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിക്കുന്നു. മുഴുവന്‍ വിദ്യാര്‍ഥികള്‍ താമസിച്ചു പഠിക്കുന്ന റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങള്‍ക്ക്/ കോഴ്‌സുകള്‍ക്ക് അവധി ബാധകമല്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വി.ആർ വിനോദ് നാളെ (01.08.2024, വ്യാഴം) അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്.

കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, ട്യൂഷൻ ക്ലാസ്സുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച (01.08.2024) ജില്ലാ കളക്ടർ  അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.അവധി മൂലം നഷ്ട്ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല.

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കോഴിക്കോട് ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ, ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (01-08-2024) അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്.മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. 

കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

മഴ അതിശക്തമായി തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ  ജില്ലയിലെ കോളേജുകൾ (പ്രൊഫഷണൽ ' കോളേജുകൾ ഉൾപ്പെടെ) സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ് സി  സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ,അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ  (ഓഗസ്റ്റ്1 2024 വ്യാഴാഴ്ച) ജില്ലാ കളക്ടർ കെ. ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി 

വയനാട് ജില്ലയിൽ  ട്യൂഷൻ സെന്‍ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് ഒന്ന് ) അവധി പ്രഖ്യാപിച്ചു.  റസിഡൻഷൽ  സ്കൂളുകൾക്ക് അവധി ബാധകമല്ല.

പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി 

കനത്ത കാലവർഷത്തിന്‍റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ,  അംഗണവാടികൾ, കിന്‍റർഗാർട്ടൻ, മദ്രസ്സ, ട്യൂഷൻ സെന്‍റർ ഉൾപ്പെടെ  എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 01.08.2024 ന് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും റസിഡൻഷ്യൽ രീതിയിൽ പഠനം നടത്തുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്കും നവോദയ വിദ്യാലയത്തിനും അവധി ബാധകമല്ല. ടർഫുകളിലും മറ്റു കളിക്കളങ്ങളിലും കളികളിൽ ഏർപ്പെടുന്നതിൽ നിന്നും  പാലത്തിനും ജലാശയങ്ങൾക്കും സമീപം സെൽഫി എടുക്കുന്നതും വീഡിയോ ചിത്രീകരിക്കുന്നതിൽ നിന്നും സുരക്ഷാ കാരണങ്ങളാൽ ഏതാനും ദിവസം വിട്ടുനിൽക്കേണ്ടതാണ്.കുട്ടികൾ തടയണകളിലും പുഴകളിലും ഇറങ്ങാതെ വീട്ടിൽ തന്നെ സുരക്ഷിതമായി ഇരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടതാണ്. നഷ്ടമാവുന്ന അധ്യയന ദിനങ്ങൾക്ക് പകരം പ്രവർത്തിദിനങ്ങൾ വിദ്യാഭ്യാസ വകുപ്പ് ക്രമീകരിക്കേണ്ടതാണ്.

പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാനങ്ങള്‍ക്ക് അവധി

കനത്ത മഴയുടെ സാഹചര്യത്തില്‍ അംഗനവാടി, സ്കൂളുകള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന്‍ സെന്‍ററുകള്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (01–08–204) അവധി. 

എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ, സ്വകാര്യ ട്യൂഷ൯ സെന്ററുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (വ്യാഴം – ഓഗസ്റ്റ് 1) അവധി അനുവദിച്ചു. മുൻ നിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾ, യൂണിവേഴ്സിറ്റി പരീക്ഷകൾ എന്നിവയ്ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.

ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ജില്ലയിലെ ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ അപകട സാധ്യതകൾ ഒഴിവാക്കുന്നതിനായി വ്യാഴാഴ്ച   (01.08.2024 ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ വി വിഘ്നേശ്വരി അവധി പ്രഖ്യാപിച്ചു. കേന്ദ്രീയ വിദ്യാലയങ്ങൾ , സി ബി എസ് ഇ , ഐ സി എസ് ഇ സ്‌കൂളുകൾ, അങ്കണവാടികൾ, നഴ്‌സറികൾ ,മദ്രസ, കിൻഡർഗാർട്ടൻ എന്നിവയ്ക്കും അവധി ബാധകമാണ്. ട്യൂഷൻ സെൻററുകൾ ഒരു കാരണവശാലും പ്രവർത്തിക്കാൻ പാടില്ല . പൂർണ്ണമായും റസിഡൻഷ്യൽ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല.

വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പ്രതിസന്ധി

വയനാട് ഉരുള്‍പൊട്ടലില്‍ 270 മരണം. ഇരുന്നൂറിലധികംപേരെ കാണാതായി. മേപ്പാടി സര്‍ക്കാര്‍ ആശുപത്രിയില്‍  ഇന്ന് എത്തിച്ചത് 34 മൃതദേഹങ്ങള്‍. പോത്തുകല്ലില്‍ ചാലിയാറില്‍നിന്ന് ഇന്ന് കണ്ടെടുത്തത് 71 മൃതദേഹങ്ങള്‍. ചാലിയാറില്‍ ഇന്നത്തെ തിരച്ചില്‍ നിര്‍ത്തി.  നാളെ രാവിലെ വീണ്ടും തുടങ്ങും. പോത്തുകല്ലില്‍നിന്ന് 31  മൃതദേഹങ്ങള്‍ മേപ്പാടി ഹൈസ്കൂളില്‍ എത്തിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.  

മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉറ്റവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. മണ്ണും പാറയും കോണ്‍ക്രീറ്റ് പാളികളും  തിരച്ചില്‍ ദുഷ്ക്കരമാക്കുന്നുണ്ട്. പുഴയ്ക്കുകുറുകെ  ബെയ്‍ലി പാലത്തിന്‍റെ നിര്‍മാണം പുരോഗമിക്കുകയാണ്. മൂന്ന് മണ്ണുമാന്തിയന്ത്രങ്ങള്‍ പുഴയിലൂടെ അക്കരെയെത്തിച്ചു. 

ഉരുള്‍പൊട്ടലിനെക്കുറിച്ച് കേരളത്തിന് രണ്ടുതവണ മുന്നറിയിപ്പ് നല്‍കിയിരുന്നെന്ന് കേന്ദ്രസര്‍ക്കാര്‍. നടപടിയെടുത്തിരുന്നെങ്കില്‍ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്ന് അമിത് ഷാ രാജ്യസഭയില്‍ . കേന്ദ്രസര്‍ക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. കേരള സര്‍ക്കാര്‍ എന്തുചെയ്തെന്നും എന്തുകൊണ്ട് ജനങ്ങളെ മാറ്റിയില്ലെന്നും അമിത് ഷാ ചോദിച്ചു.  

അമിത്ഷാ പാര്‍ലമെന്‍റില്‍ പറഞ്ഞത് വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരന്തത്തിനുമുന്‍പ് വയനാട്ടില്‍ റെഡ് അലര്‍ട്ട് കിട്ടിയിരുന്നില്ല. 29ന് ഉച്ചയ്ക്ക് നല്‍കിയ അലര്‍ട്ടില്‍ പോലും ഒാറഞ്ച് അലര്‍ട്ട് മാത്രം. ദുരന്തം ഉണ്ടായശേഷമാണ് റെഡ് അലര്‍ട്ട് നല്‍കിയതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

ഉരുൾപൊട്ടലിൽ അകപ്പെട്ടവർക്കായുള്ള ചാലിയാർ തീരത്തെ തിരച്ചിൽ കനത്ത മഴയിലും തുടരുകയാണ്. നാൽപ്പതിലേറെ മൃതദേഹങ്ങളും നാൽപ്പത്തി അഞ്ചിലേറെ മൃതദേഹ ഭാഗങ്ങളുമാണ് ഇതുവരെ കണ്ടെത്തിയത്. കൂടുതൽ മൃതദേഹ ഭാഗങ്ങൾ കുടുങ്ങിക്കിടക്കുന്നുവെന്ന് രക്ഷാ പ്രവർത്തകർ. സ്വന്തം ജീവൻ പോലും പണയം വച്ചാണ് യുവാക്കൾ കാണാതായവർക്കായി ചാലിയാറിൽ തിരച്ചിൽ തുടരുന്നത്.

ENGLISH SUMMARY:

Kerala rain: Holiday for educational institutions in 10 districts