കാർട്ടൂണിസ്റ്റുകൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന നൽകുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശമുണ്ടെന്ന് ഹൈക്കോടതി. സ്വാതന്ത്ര്യത്തിന്റെ 70–ാം വാർഷിക ദിനത്തിൽ മലയാള മനോരമയുടെ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച കാർട്ടൂൺ ദേശീയ പതാകയോട് അനാദരവ് കാണിക്കുന്നതാണെന്ന് ആരോപിച്ചുള്ള കേസ് റദ്ദാക്കിയ ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സുന്ദരമായ കാർട്ടൂണിന് കാർട്ടൂണിസ്റ്റിനെയും, അറിവ് പകരുന്ന വിവരങ്ങളും ലേഖനങ്ങളുമായി പത്രം പുറത്തിറക്കിയതിന് മലയാള മനോരമയെയും അഭിനന്ദിക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ അഭിപ്രായപ്പെട്ടു. കോടതി നടപടികളുടെ ദുരുപയോഗമാണ് പത്രത്തിനെതിരെയുള്ള കേസെന്നും കോടതി വിലയിരുത്തി. വാർത്തയും കാർട്ടൂണും പരിശോധിക്കുമ്പോൾ ദേശീയ പതാകയെയും രാഷ്ട്രപിതാവിനെയും അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് വിലയിരുത്തിയാണു മനോരമ നൽകിയ ഹർജി കോടതി അനുവദിച്ചത്