ഉരുള്‍പൊട്ടലുണ്ടായ വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരം. പാലം തകര്‍ന്നതിനാല്‍ മുണ്ടക്കൈ ടൗണിലെ ദുരന്തമേഖലയിലേക്ക് എത്താനാവുന്നില്ല. മൊബൈലിലും ബന്ധപ്പെടാനാവുന്നില്ല, ഹെലികോപ്ടര്‍ എത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ദുരിതാശ്വാസ ക്യാംപായിരുന്ന ഹൈസ്കൂളിലുണ്ടായിരുന്നവരെ രക്ഷിച്ചു. 20 അംഗ NDRF സംഘത്തെ ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയതായി ടി.സിദ്ദിഖ് എംഎല്‍എ. സൈന്യത്തിന്റെ സഹായം തേടാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും എംഎല്‍എ. സൈന്യത്തിന്റെ സഹായം തേടുമെന്ന് മന്ത്രി ഒ.ആര്‍.കേളുവും. പറഞ്ഞു. രണ്ട് NDRF സംഘങ്ങളെ ഉടന്‍ അയക്കും, ഏറെ വേദനിപ്പിക്കുന്ന വിവരങ്ങള്‍ കിട്ടുന്നതായും റവന്യൂമന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു. നേരിട്ടു പോയി വിവരങ്ങള്‍ സ്ഥിരീകരിക്കാനുള്ള ശ്രമം തുടരുന്നതായും കെ.രാജന്‍.
അതേസമയം, വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു മരണം സ്ഥിരീകരിച്ചു. വയനാട്ടില്‍ മുണ്ടക്കൈ ചൂരൽമലയിലാണ് രണ്ടുതവണ ഉരുള്‍പൊട്ടിയത്. വീടുകളും സ്കൂളും തകര്‍ന്നതായി നാട്ടുകാര്‍, രണ്ടുതവണ ഉരുള്‍പൊട്ടി. വീടുകളിൽ വെള്ളവും ചെളിയും കയറി, നാനൂറിലധികം പേര്‍ ഒറ്റപ്പെട്ടു. ചൂരല്‍മല ടൗണിലെ പാലം തകര്‍ന്നു, ചെളിയും വെള്ളവും 5.45നും ഒലിച്ചുവന്നു. രക്ഷാപ്രവര്‍ത്തകരെ ഉള്‍പ്പെടെ മാറ്റുന്നു. ആദ്യ ഉരുള്‍പൊട്ടല്‍ ഒരുമണിക്ക് മുണ്ടക്കൈ ടൗണില്‍. രണ്ടാമത്തേത് ചൂരല്‍മല സ്കൂളിന് സമീപം നാലുമണിയോടെ. 2019ല്‍ ഉരുള്‍പൊട്ടിയെ പുത്തുമലയ്ക്ക് സമീപമാണ് ചൂരല്‍മല. വയനാട്ടിലേക്ക് ഗതാഗതം തടസപ്പെട്ടു. താമരശേരി ചുരത്തില്‍ നാലാം വളവില്‍ മണ്ണിടിഞ്ഞു, ഗതാഗതം തടസപ്പെട്ടു.
നിരവധി വീടുകള്‍ തകര്‍ന്നതായി ദുരന്തമേഖലയില്‍ അകപ്പെട്ട റഫീഖ് മനോരമ ന്യൂസിനോട് പറഞ്ഞു. ജനം തിങ്ങിപ്പാര്‍ക്കുന്ന സ്ഥലം, വീട്ടിലുള്ളവര്‍ക്ക് എന്തു സംഭവിച്ചെന്ന് അറിയില്ലെന്നും റഫീഖ് പറയുന്നു. ചൂരല്‍മല ടൗണിലെ ഒരു വീട്ടില്‍ ഭര്‍ത്താവും മകളും അകപ്പെട്ടതായി കരഞ്ഞുപറഞ്ഞ് വീട്ടമ്മ. മൂന്നു കുട്ടികളെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് മുണ്ടക്കൈ സ്കൂളിലെ ടീച്ചര്‍.
വയനാട്ടിന് പിന്നാലെ കോഴിക്കോട് വിലങ്ങാടും ഉരുള്‍പൊട്ടി. നാലിടത്താണ് ഉരുള്‍പൊട്ടിയത്. ഉരുള്‍പൊട്ടല്‍ മഞ്ഞച്ചീളി, മാടഞ്ചേരി, പാനോം ഭാഗങ്ങളില്‍. മഞ്ഞച്ചീളിയില്‍ ഒരാളെ കാണാതായി. വിലങ്ങാട് ടൗണില്‍ വെള്ളം കയറി.