ഇന്നലെ പുലര്‍ച്ചെ ഒരുമണിമുതല്‍ കുത്തിയൊലിച്ച ദുരന്തം കണ്ട് വിറങ്ങലിച്ചുനില്‍ക്കുകയാണ് വയനാട് ജില്ല. വയനാട് ജില്ലയുടെ അതിര്‍ത്തിയിലെ ഏറ്റവും അവസാനത്തെ ഗ്രാമമാണ് മുണ്ടകൈ. മലപ്പുറം ജില്ലയുടെ നിലപ്പൂര്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്ന ഒരൊറ്റ സഹ്യനിരയാണ് വയനാട് ജില്ലയിലെ മുണ്ടകൈ. ആ മലയാണ് കുത്തിയൊലിച്ചെത്തി ഒരുപാട് ജീവനുകളെ അപഹരിച്ചത്. മണിക്കൂറുകള്‍ കൊണ്ട് അതിവേഗം  ദുരന്തം കുത്തിയൊഴുകിയ ആ വഴി ഇങ്ങനെ:

മുണ്ടകൈയില്‍ നിന്ന്  കുത്തിയൊലിച്ചെത്തിയ മലവെള്ളം നേരെ ചൂരല്‍ മലയിലേക്ക്. കല്ലും മണ്ണും ചെളിയുമടങ്ങിയ മലവെള്ളം നേരെ ചൂരല്‍ മലയിലേക്ക്. ഇപ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്ന എന്‍ഡിആര്‍എഫ് സംഘമുള്ളത് ചൂരല്‍ മലയില്‍. ദൗത്യസംഘത്തിന് എത്തേണ്ടത് മുണ്ടൈകൈയില്‍. ചൂരല്‍ മല മുതല്‍ മുണ്ടകൈ വരെ രണ്ടര കിലോമീറ്റര്‍ ദൂരം. 

റോഡ് മാര്‍ഗം ആകെ പോകാനുണ്ടായിരുന്നത് ചൂരല്‍ മലയ്ക്ക് തൊട്ടടുത്തുള്ള സ്കൂളിന് സമീപത്തെ പാലം മാത്രം. ഈ പാലം കടന്നുവേണമായിരുന്നു മുണ്ടകൈയില്‍എത്താന്‍. എന്നാല്‍ ആ പാലം ഉള്‍പ്പെടെ രണ്ട് പാലങ്ങള്‍ തകര്‍ന്നതാണ് രക്ഷാദൗത്യം സങ്കീര്‍ണമാക്കുന്നത്. പിന്നെയുള്ള ഹെലികോപ്‌റ്റര്‍ മാര്‍ഗത്തിനും പ്രതികൂല കാലാവസ്ഥയാണ് തടസം. 

കുത്തിയൊലിച്ചെത്തിയ മലവെള്ളം താഴോട്ട് സൂചിപ്പാറ വെള്ളച്ചാട്ടത്തിലേക്കാണ് പിന്നീട് എത്തിയത്. മൃതദേഹങ്ങള്‍ ഉള്‍പ്പെടെ ഒഴുകിവന്ന വഴി ഇതാണ്. 20 മൃതദേഹങ്ങള്‍ ലഭിച്ചത് കിലോമീറ്ററുകള്‍ക്കപ്പുറത്തെ മലപ്പുറം ജില്ലയിലെ പോത്തുകല്ലില്‍ നിന്നാണ്.

63 മരണമാണ് ദുരന്തത്തില്‍ ഇതുവരെ സ്ഥിരീകരിച്ചത്. 18പേരെ തിരിച്ചറിഞ്ഞു.  രണ്ട് കുട്ടികളുതേടക്കം 8 മൃതദേഹങ്ങളാണ് സ്വകാര്യ ആശുപത്രിയില്‍ ഉള്ളത്. 

ENGLISH SUMMARY:

Many people are stuck; This is how the disaster came from Mundakai