വയനാട് മുണ്ടക്കൈയിലെ ഇന്നത്തെ തിരച്ചില്‍  അവസാനിപ്പിച്ചു. നാളെ പുലര്‍ച്ചെ തിരച്ചില്‍ പുനരാരംഭിക്കും. മുണ്ടക്കൈ ഭാഗത്ത് തകര്‍ന്നത് അന്‍പതിലധികം വീടുകളാണ്. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ തുടരും. നിരവധിയാളുകള്‍ കുടുങ്ങിക്കിടക്കുന്നതായി നാട്ടുകാര്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

മുണ്ടക്കൈയിലും ചൂരൽമലയിലും പുലര്‍ച്ചെയുണ്ടായ  ഉരുള്‍പൊട്ടലില്‍  122 പേരാണ് മരിച്ചു. 98 പേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. നാനൂറിലധികം പേര്‍ ഒറ്റപ്പെട്ടു. മുണ്ടക്കൈ ടൗണിന് മുകളില്‍  ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ മലയുടെ ഒരുഭാഗം പുഴയിലൂടെ ഇരച്ചെത്തുകയായിരുന്നു. മുണ്ടക്കൈ ടൗണിനെ തുടച്ചുനീക്കിയ മലവെള്ളം  ഏക യാത്രാമാര്‍ഗമായ പാലവും തകര്‍ത്തുകൊണ്ടുപോയി.   11  മണിക്കൂറിനുശേഷമാണ്  ആദ്യരക്ഷാസംഘത്തിന് ദുരന്തഭൂമിയിലേക്ക് കടക്കാനായത്.  

ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയില്‍ തിരച്ചില്‍ തുടരുകയാണ്. മുണ്ടക്കൈയില്‍ സൈന്യവും എന്‍ഡിആര്‍ഫും തിരച്ചിലിലാണ്. പുഴയ്ക്ക് കുറുകെ താല്‍ക്കാലിക പാലത്തിലൂടെ ആളുകളെ രക്ഷിക്കുന്നു. ചൂരല്‍മലയില്‍ പറന്നിറങ്ങി വ്യോമസേനയുടെ ഹെലികോപ്റ്റര്‍. ഗുരുതര പരുക്കുകളേറ്റ പതിനഞ്ചുപേരെ ആശുപത്രിയിലെത്തിച്ചു. 

രക്ഷാപ്രവര്‍ത്തനം സാധ്യമാകുന്ന രീതിയില്‍ മുന്നോട്ടുകൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി. മണ്ണിനടിയില്‍ ഇനിയും ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ട്. അഞ്ചുമന്ത്രിമാര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. എല്ലാ സേനവിഭാഗങ്ങളുടെയും സഹായം ലഭ്യമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. 

രക്ഷാപ്രവര്‍ത്തനത്തിടെ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. മലവെള്ളം കുത്തിയൊലിച്ചുവന്നത് രക്ഷാദൗത്യത്തിന് വെല്ലുവിളിയായി.  രാത്രിയിലും രക്ഷാദൗത്യം തുടരും. എല്ലാ സേനകളും രക്ഷാപ്രവര്‍ത്തന ദൗത്യത്തിലെന്ന് റവന്യുമന്ത്രി കെ.രാജന്‍ അറിയിച്ചു. സംസ്ഥാനത്ത് ഇന്നും നാളെയും ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശീയപതാക താഴ്ത്തിക്കെട്ടും. സര്‍ക്കാരിന്റെ പൊതുപരിപാടികള്‍ റദ്ദാക്കി.

ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് നിന്ന് ഒഴുകിയെത്തിയ 52 ഒാളം മൃതദേഹങ്ങള്‍ ലഭിച്ചത് നിലമ്പൂര്‍ പോത്തുകല്ല്, മുണ്ടേരി ഭാഗങ്ങളിലെ ചാലിയാര്‍ പുഴയുടെ ഒാരങ്ങളില്‍ നിന്നുമാണ്. മൃതദേഹങ്ങള്‍ ഒഴുകിയെത്തിയ  ഭാഗത്ത് നാളെ രാവിലെ തിരച്ചില്‍ പുനരാരംഭിക്കും. ഇന്ന് പ്രതികൂല സാഹചര്യം മൂലം ഇരുട്ടു വീണതോടെ തിരച്ചില്‍ അവസാനിപ്പിച്ചിരുന്നു. മുണ്ടേരി സര്‍ക്കാര്‍ ഫാം കഴിഞ്ഞ് ചൂരല്‍ മലയിലേക്കുള്ള വനമേഘലയില്‍ നാലോളം ആദിവാസി ഊരുകളിലായി  ഏകദേശം 380 ആദിവാസികളുണ്ട്.

ദുരിതാശ്വാസ ക്യാംപുകളിലേക്ക്  ആവശ്യമായ സാധനങ്ങൾ എത്തിക്കുന്നതിനായി കൊച്ചി ടൗൺഹാളിൽ കളക്ഷൻ പോയിന്റ് ആരംഭിച്ചു. കുടിവെള്ളവും സാനിറ്ററി പാഡുകളും, കുട്ടികൾക്ക് ആവശ്യമായ സാധനങ്ങളും ആണ് ഏറ്റവും അത്യാവശ്യമെന്ന് സംഘാടകർ വ്യക്തമാക്കി. കിലയും കൊച്ചി കോർപ്പറേഷനും സംയുക്തമായാണ് കളക്ഷൻ പോയിന്റ് ആരംഭിച്ചിരിക്കുന്നത്. 

ENGLISH SUMMARY:

Wayanad landslides LIVE updates