കൊല്ലത്ത് ക്ഷേത്ര പരിസരത്ത് കെട്ടിയിട്ടിരുന്ന ഗർഭിണിയായ കുതിര നേരിട്ടത് അതിക്രൂര മര്‍ദനം. സിസിടിവി ദൃശ്യങ്ങള്‍ കണ്ടപ്പോഴാണ് ഇത്രയും ക്രൂരത ആ മിണ്ടാപ്രാണിയോട് ഇവര്‍ ചെയ്തെന്ന് അറിഞ്ഞത് കുതിരയുടെ ഉടമ ഷാനവാസ് മനോരമ ന്യൂസിനോട് പറഞ്ഞു. കുതിരയെ ആക്രമിച്ച ആറു പ്രതികള്‍ ഒളിവിലാണെന്ന് പൊലീസ്. ചെന്നായക്കൂട്ടം മാനിനെ വളഞ്ഞിട്ട് ആക്രമിച്ചതുപോലെയായിരുന്നു കുതിരയെ യുവാക്കള്‍ ആക്രമിച്ചത്. പ്രതികളിലൊരാള്‍ മുന്‍പ് കുതിരയെ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നതായും ഷാനവാസ് പറഞ്ഞു.
‘മുന്‍പ് ഒരുത്തന്‍ കുതിരയെ പിടിക്കുന്നത് കണ്ടിരുന്നു. എന്നെ കണ്ടപ്പോള്‍ വിട്ടിട്ട് പോയി. അവനും ഇക്കൂട്ടത്തിലുണ്ട്. വളഞ്ഞിട്ട് അക്രമിച്ചിരിക്കുകയാണ്. എന്നിട്ട് കയറൂരി വിട്ടു. അടികൊണ്ട വേദനയില്‍ കുതിര തെങ്ങില്‍ തല ഉരയ്ക്കുന്നുണ്ട്. മൂന്ന് മണി മുതല്‍ അഞ്ചു വരെയാണ് ഇവര്‍ കുതിരയെ വളഞ്ഞിട്ട് തല്ലിയത്. സിസിടിവി ദൃശ്യങ്ങള്‍ കണ്ടപ്പോഴാണ് അത് മനസ്സിലായത്.
ക്ഷേത്രത്തിലെ പൂജാരിയും ഇവിടെ സഹായത്തിനായി എത്തുന്ന അമ്മൂമ്മയും ഇത് കണ്ടിരുന്നു. കുതിരയെ അടിക്കരുതെന്ന് ഇവര്‍ പറഞ്ഞതാണ്. സിസിടിവി ദൃശ്യങ്ങള്‍ കണ്ടാല്‍ സഹിക്കാനാവില്ല. രണ്ടു ദിവസം കൂടി കുത്തിവയ്പ്പ് എടുത്തിട്ടും കുറവില്ലെങ്കില്‍ കുതിരയ്ക്ക് തുടര്‍ ചികിത്സ നല്‍കേണ്ടി വരുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്’ എന്നാണ് ഷാനവാസ് പറഞ്ഞത്.
കാറിലെത്തിയ യുവാക്കള്‍ കുതിരയെ വടി കൊണ്ട് അടിക്കുകയും മരത്തിനോട് ചേർത്ത് കയർ കൊണ്ട് വരിഞ്ഞ് മുറുക്കി മുഷ്ടി ചുരുട്ടിയും കാൽമുട്ട് മടക്കിയും അടിക്കുകയും ഇടിക്കുകയും ചെയ്യുന്നതടക്കം സിസിടിവി ദൃശ്യങ്ങളില്‍ കാണാം. തെക്കേകാവ് ഭഗവതി ക്ഷേത്രത്തിൻ്റെ മുന്നിലെ പറമ്പിൽ ക്ഷേത്ര ഭാരവാഹികളുടെ അനുമതിയോടെയാണ് കുതിരയെ കെട്ടിയിട്ടിരുന്നത്. ദിയ എന്ന നാലര വയസ്സുള്ള കുതിരയാണ് അതിക്രൂര മര്‍ദനത്തിന് ഇരയായത്. ഷാനവാസ് അഞ്ച് മാസം മുൻപാണ് കുതിരയെ ഗുജറാത്തിൽ നിന്ന് വാങ്ങിച്ചത്.