കേരളത്തില്‍ ആണവവൈദ്യുത നിലയം സ്ഥാപിക്കാനായുള്ള ചര്‍ച്ചകള്‍ നടന്നെന്നതിന് സ്ഥിരീകരണം. കൂടംകുളത്ത് ആണവനിലയം സ്ഥാപിച്ചിട്ടുള്ള കമ്പനി രണ്ട് മാസം മുന്‍പ് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. സ്ഥലം കണ്ടെത്തി നല്‍കിയാല്‍ ആണവ നിലയം സ്ഥാപിക്കാമെന്നാണ് വാഗ്ദാനം. കത്തിന്‍റെ പകര്‍പ്പ് മനോരമന്യൂസിന് ലഭിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് വൈദ്യുതി മന്ത്രി വിശദീകരിച്ചു. വൈദ്യുതി ലഭ്യതയുടെ പുതിയ വഴികൾ തേടുന്നതിന്‍റെ ഭാഗമായി ഉദ്യോഗസ്ഥർ മുന്നോട്ടുവച്ച ആശയങ്ങളിലാണ് ആണവനിലയവും ഉള്ളത്. സർക്കാർ നയപരമായി എടുക്കേണ്ട കാര്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആണവ വൈദ്യുത നിലയം സ്ഥാപിക്കുന്നതിനായി കെ.എസ്.ഇ.ബിയും ഊര്‍ജവകുപ്പും ശ്രമം നടത്തിയതിന്‍റെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ മാസം 15ന് മുംബൈയിലാണ് ആദ്യഘട്ട ചര്‍ച്ചകള്‍ നടന്നത്. തുടര്‍ചര്‍ച്ചകള്‍ക്കായി 'ഭാവിനി' ചെയര്‍മാനുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്താനിരിക്കെയാണ് വാര്‍ത്ത പുറത്തുവന്നത്. 220 മെഗാവാട്ടിന്‍റെ രണ്ട് പദ്ധതികളിലായി 440 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുകയാണ് ലക്ഷ്യം. അതിരപ്പിള്ളി, ചീമോനി ഉള്‍പ്പടെയുള്ള സ്ഥലങ്ങളാണ് കെ.എസ്.ഇ.ബിയുടെ പരിഗണനയിലുള്ളതെന്നും വാര്‍ത്ത പുറത്തുവന്നിരുന്നു.
ആണവ വൈദ്യുത പദ്ധതി തുടങ്ങുന്ന സംസ്ഥാനത്തിന് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ പകുതി ലഭിക്കും. ഇക്കാര്യം പരിഗണിച്ചാണ് കേരളവും ആണവ വൈദ്യുത നിലയമെന്ന ആശയത്തിലേക്ക് എത്തിയത്. 2030ഓടെ കേരളത്തിന്‍റെ ഊര്‍ജ ആവശ്യങ്ങള്‍ക്കായി 10,000 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കേണ്ടി വരുമെന്ന കെ.എസ്.ഇ.ബിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി.