ട്രോളിങ് അവസാനിക്കാന്‍ രണ്ടുദിവസം മാത്രം ബാക്കി നില്‍ക്കേ ചാകരതേടി കടലില്‍ പോകാനുള്ള ഒരുക്കത്തിലാണ് മത്സ്യതൊഴിലാളികള്‍. ബോട്ട് നിറയെ മീനുമായി തിരികെ എത്താം എന്ന പ്രതീക്ഷയിലാണ് തയാറെടുപ്പ്. രണ്ട് മാസം നീണ്ട വറുതികാലത്തിനൊടുവില്‍ മീന്‍പിടുത്ത ബോട്ടുകള്‍ വീണ്ടും ആഴകടലിലേക്ക് കുതിക്കാനൊരുങ്ങുമ്പോള്‍ ആശങ്ക തിരതള്ളുന്നുണ്ട് ഇവിടുത്തുകാരുടെ മനസില്‍.
2021 മെയ് 5 ന് ബേപ്പൂര്‍ തുറമുഖത്ത് നിന്ന് ഇതുപോലെ മിനുക്കു പണിക്കള്‍ ഒക്കെ കഴിഞ്ഞ് വല നിറയെ മീന്‍ തേടിപോയതാണ് അജ്മീര്‍ എന്ന ബോട്ട്.12 തമിഴ്നാട് സ്വദേശികളും നാല് ഉത്തരേന്ത്യക്കാരും ബോട്ടിലുണ്ടായിരുന്നു. വീശി അടിച്ച കാറ്റില്‍ നിലതെറ്റി ചേരക്കോട് നസീറിന്‍റെ ബോട്ടുമുങ്ങി.തിരഞ്ഞുപോയ സംഘത്തിന് ഒന്നും കണ്ടെത്താനായില്ല.
കടലില്‍ കാണാതെ മാഞ്ഞുപോയ ബോട്ടിന് നഷ്ടം 20 ലക്ഷം രൂപയാണ്. വീണ്ടും നസീര്‍ ബോട്ടുവാങ്ങി. ഈ ട്രോളിങ് നിരോധനത്തിന് ശേഷവും മിനുക്കുപണികള്‍ എല്ലാം കഴിഞ്ഞ് ബോട്ട് കടലില്‍ ഇറങ്ങും. കടല്‍ എടുത്ത ജീവിതം കടല്‍ തന്നെ തിരികെ നല്‍കുമെന്നാണ് പ്രതീക്ഷ. നസീറ്‍ മാത്രമല്ല നൂറുകണക്കിന് തൊഴിലാളികളും മുതലാളികളും പ്രതീക്ഷയുടെ വലകളുമായി കടലിലേക്കിറങ്ങുകയാണ്. ജീവിതം കൂടുതല്‍ നിറവോടെ തിരികെ പിടിക്കാം എന്ന പ്രതീക്ഷയില്‍
പരാതികളും പരാധീനതകളും ആവോളം ഉണ്ട്. ട്രോളിംഗ് നിരോധനകാലത്ത് ഏര്‍പ്പെടുത്താമെന്ന് പറഞ്ഞ സൗജന്യ റേഷനും പ്രത്യേക പാക്കേജും ഇപ്പോഴും കടലാസിലാണ്. എങ്കിലും കടലോളം ആശയുണ്ട് .അധ്വാനത്തിന്‍റെ ഫലം തിരികെ കിട്ടുമെന്ന വിശ്വാസവും.