വര്‍ക്കല അയിരൂരില്‍ മദ്യപിച്ചെത്തിയ ലൈന്‍മാനെതിരെ പരാതി നല്‍കിയതിന് കുടുംബത്തെ ഇരുട്ടിലാക്കി കെഎസ്ഇബി. കുടുംബത്തിന്റെ ദുരിതം വാര്‍ത്തയായതോടെ രാത്രി തന്നെ കെഎസ്ഇബി അധികൃതരെത്തി തകരാര്‍ പരിഹരിച്ച് വെളിച്ചമെത്തിച്ചു.
അയിരൂര്‍ സ്വദേശിയായ രാജീവനാണ് ദുരനുഭവം നേരിടേണ്ടി വന്നത്. വീട്ടിലെ വൈദ്യുതി തകരാര്‍ പരിഹരിക്കാരന്‍ ജീവനക്കാരന്‍ മദ്യപിച്ചെത്തിയത് ചോദ്യംചെയ്തപ്പോള്‍ അശ്ലീലവര്‍ഷവും അതിക്രമവും നടത്തിയെന്നാണ് പരാതി. പൊലീസില്‍ പരാതി നല്‍കിയതിന്‍റെ വൈരാഗ്യത്തില്‍ തകരാര്‍ പരിഹരിച്ചില്ല. മദ്യപിച്ചെത്തിയ ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പരാതി പിന്‍വലിക്കണമെന്ന് അസി. എന്‍ജിനീയര്‍ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം പറയുന്നു. കുട്ടികളടക്കം കുടുംബം രാത്രി മണിക്കൂറുകളോളം ഇരുട്ടിലായി. പിന്നാലെ ജോലി തടസപ്പെടുത്തിയെന്ന് വീട്ടുകാര്‍ക്കെതിരെ കെഎസ്ഇബിയും പരാതി നല്‍കി.
കെഎസ്ഇബിയുടെ നടപടി അംഗീകരിക്കാന്‍ കഴിയാത്തതെന്ന് വി.ജോയി എംഎല്‍എ പ്രതികരിച്ചു. കണക്ഷന്‍ പുനഃസ്ഥാപിക്കണമെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അത് നടപ്പാക്കിയില്ലെങ്കില്‍ നടപടികളിലേക്ക് പോകേണ്ടിവരും. ഉടന്‍തന്നെ വിഷയത്തില്‍ വീണ്ടും ഇടപെടുമെന്നും പരിഹാരമുണ്ടാക്കുമെന്നും എംഎല്‍എ പറഞ്ഞു. തൊട്ടുപിന്നാലെ പ്രതികരണവുമായി വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയും രംഗത്തെത്തി. വൈദ്യുതി ഉടന്‍ പുനഃസ്ഥാപിക്കുമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മന്ത്രി മനോരമ ന്യൂസിനോട് പറഞ്ഞു.
പ്രതിഷേധം ശക്തമായതോടെ ഉദ്യോഗസ്ഥരെത്തി തകരാര്‍ പരിഹരിക്കാനുള്ള ശ്രമം തുടങ്ങി. ഇതിനിടെ ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ പലതവണ തര്‍ക്കവും ഉണ്ടായി. ഒടുവില്‍ വീട്ടിലെ വൈദ്യുതി പുനഃസ്ഥാപിച്ചു. കെഎസ്ഇബിയുടെ വെല്ലുവിളി ആദ്യം പുറത്തുകൊണ്ടുവന്നത് മനോരമ ന്യൂസാണ്.